ദോഹ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടിക്കപ്പെടുന്നതിലൂടെ ചുമത്തുന്ന പിഴക്ക് ഇളവ് ലഭിക്കില്ലെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും 500 റിയാലാണ് പിഴ ചുമത്തുകയെന്നും ഈ നിയമലംഘനത്തിന് മറ്റു പിഴകൾക്ക് അനുവദിക്കുന്നപോലെ കിഴിവ് ബാധകമല്ലെന്നും ജനറൽ ട്രാഫിക് വിഭാഗത്തിലെ നിയമലംഘന വകുപ്പ് ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുഹമ്മദ് റബീഅ അൽ കുവാരി ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം ട്രാഫിക് നിയമം ഊന്നിപ്പറയുന്ന നിയമലംഘനങ്ങളിലൊന്നാണെന്നും ഇവ മൂലമുണ്ടാകുന്ന അപകടങ്ങൾ പൊതുസ്വത്തിനും റോഡ് ഉപയോക്താക്കൾക്കും നാശനഷ്ടങ്ങൾ കാരണമാണിതെന്നും ക്യാപ്റ്റൻ മുഹമ്മദ് റബീഅ അൽ കുവാരി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോൺ ഉപയോഗവും ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ഒഴിവാക്കുന്നതും കാരണമാണ് 50 ശതമാനം മുതൽ 60 ശതമാനം വരെ വാഹനാപകടങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഒഴിവാക്കുന്നതിലൂടെ ചുമത്തപ്പെടുന്ന പിഴ 30 ദിവസത്തിനകം അടക്കുകയാണെങ്കിൽ നേരത്തേ ഉണ്ടായിരുന്ന ഇളവ് ലഭിക്കും. നിയമലംഘനം നടന്ന് ഒരു മാസത്തിനകം പിഴ അടക്കുകയാണെങ്കിൽ ചില നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് ലഭിക്കുന്നുണ്ട്.
പുതിയ ഏകീകൃത റഡാർ സംവിധാനത്തിന് ഒരേസമയം മൂന്ന് നിയമലംഘനങ്ങൾ പിടികൂടാനാകുമെന്ന് ക്യാപ്റ്റൻ അൽ കുവാരി പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗം എന്നിവയാണവ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായ നിയമലംഘനങ്ങൾ പിടിക്കപ്പെടുന്നതിന് പുതിയ ഏകീകൃത റഡാർ സംവിധാനം നടപ്പാക്കിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.