കുരങ്ങുപനി: ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

ദോഹ: രാജ്യത്ത് കുരുങ്ങുപനി (മങ്കിപോക്സ്) റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണവും തയാറാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. വേഗത്തിൽ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള മുൻകരുതൽ സ്വീകരിച്ചു.

കുരങ്ങ് പനിയുടെ ലക്ഷണങ്ങളോ മറ്റോ പ്രകടിപ്പിക്കുന്ന രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദ കേസുകൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാനും രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് നിർദേശിച്ചു. ഇത്തരം കേസുകൾ സുരക്ഷിതമായി കൈകാര്യംചെയ്യാൻ ആരോഗ്യവിഭാഗം ജാഗരൂകമാണെന്നും വ്യക്തമാക്കി.

മേയ് 13 മുതൽ 10 ദിവസത്തിനുള്ളിൽ യൂറോപ്പിലും അമേരിക്കയിലുമായി 12 രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ ജാഗ്രതാ നിർദേശം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു ഡസൻ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വ്യാപന ഭീഷണിയില്ല. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി.

സംശയാസ്പദമായ 50 കേസുകൾകൂടി വിവിധ രാജ്യങ്ങളിൽ പരിശോധനയിലാണ്. നേരേത്ത ഇറ്റലി, സ്വീഡൻ, സ്പെയിൻ, പോർചുഗൽ, യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുടെ വിദൂര ഭാഗങ്ങളിലാണ് ഇപ്പോൾ കുരങ്ങുപനി കൂടുതൽ റിപ്പോർട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പനി, പേശീവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന അസുഖം, പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻപോക്സ് പോലുള്ള കുരുക്കൾ ഉണ്ടാക്കുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിൽ കാണുന്ന രോഗം പക്ഷേ, വ്യാപന ഭീഷണിയുള്ളതല്ല. സാധാരണയായി രോഗം ബാധിക്കുന്നവർ ഏതാനും ആഴ്ചക്കുള്ളിൽ സുഖം പ്രാപിക്കുന്നതാണ് പതിവ്.

യൂറോപ്പിലും അമേരിക്കയിലും കേസ് റിപ്പോർട്ടു ചെയ്തതോടെയാണ് വിവിധ രാജ്യങ്ങൾ ജാഗ്രത നിർദേശം നൽകിയത്. ഇന്ത്യയിലടക്കം ഇപ്പോൾ ജാഗ്രതയിലാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഈ രോഗം 1980ൽ ഉന്മൂലനം ചെയ്യപ്പെട്ട വസൂരി രോഗത്തിന്‍റെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ്. 

Tags:    
News Summary - Monkey pox not reported in Qatar, says Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.