ദോഹ: പുസ്തകങ്ങളും ചരിത്രരേഖകളും ഡിജിറ്റൽ ശേഖരങ്ങളുമായി വായനപ്രേമികളെ കാത്തിരിക്കുന്ന ഖത്തർ നാഷനൽ ലൈബ്രറിയിലേക്ക് പുതുതായി 1500ഓളം ഓഡിയോ പുസ്തകങ്ങളും. ലൈബ്രറിയുടെ ഡിജിറ്റൽ ശേഖരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഓഡിയോ പുസ്തകങ്ങൾ കൂടി കൂട്ടിച്ചേർത്തത്.
അംഗങ്ങൾക്ക് ലൈബ്രറി നൽകുന്ന ഡിജിറ്റൽ വാഗ്ദാനങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. ഡിജിറ്റൽ പുസ്തകങ്ങൾ, ജേണലുകൾ, മാഗസിനുകൾ തുടങ്ങി ദശലക്ഷക്കണക്കിന് ഓൺലൈൻ വിഭവങ്ങളിലേക്കായി അംഗങ്ങൾക്ക് പ്രത്യേക പ്രവേശനം നൽകുന്ന ക്യു.എൻ.എൽ ആപ്പിൽ പുതിയ പുസ്തകങ്ങളെല്ലാം ലഭ്യമാകും.
ഈ വർഷം ഇതുവരെയായി ലക്ഷത്തിലധികം ചെക്കൗട്ടുകളാണ് ആപ്പിൽ രേഖപ്പെടുത്തിയത്. ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ആപ് 56,000ലധികം ഡൗൺലോഡുകളുമുണ്ട്. അറബി ഡിജിറ്റൽ ഉള്ളടക്കം മികവുറ്റതാക്കുന്നതിൽ ലൈബ്രറി ശ്രദ്ധകേന്ദ്രീകരിക്കുന്നതായി നാഷനൽ ലൈബ്രറി റിസർച് ലേണിങ് മേധാവി കതിയ മേദവാർ പറഞ്ഞു.
ഇ-ബുക്കുകൾ, ഓഡിയോ പുസ്തകങ്ങൾ, മാഗസിനുകൾ, വാർത്തക്കുറിപ്പുകൾ എന്നിവ ആപ് വഴി ഫോണിലൂടെ നേരിട്ട് വായിക്കാൻ സാധിക്കും. അംഗങ്ങൾക്ക് ലൈബ്രറിയിൽ നേരിട്ട് സന്ദർശിക്കാതെ തന്നെ അച്ചടിച്ച പുസ്തകങ്ങൾ വായിക്കാനെടുക്കാനും ആപ് അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.