ദോഹ: വ്യക്തിപരവും സാമൂഹികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനം വളർത്തുന്നതിനും സ്പോർട്സ് സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. കായിക നയതന്ത്രം (സ്പോർട്സ് ഡിേപ്ലാമസി) എന്ന പ്രമേയത്തിൽ നടന്ന ഏഷ്യൻ കോഓപറേഷൻ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു അമീറിന്റെ വാക്കുകൾ.
സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ കായിക സംസ്കാരത്തിന് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിന്നതകൾ പരിഹരിക്കുന്നതിലും അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്തുന്നതിലും സ്പോർട്സിന്റെ പങ്ക് നിർണായകമാണെന്ന് ഉച്ചകോടിയിൽ സംസാരിച്ച തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര പറഞ്ഞു.
മധ്യപൂർവേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ പ്രസക്തി വർധിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. യുവജനകാര്യത്തിലും കായികരംഗത്തും ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പങ്കുവെച്ചു.
സാങ്കേതിക സമ്പദ്വ്യവസ്ഥയിലെ ഇന്ത്യയുടെ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ട് ഡിജിറ്റൽ ലോകത്തെ സഹകരണം ശക്തമാക്കേണ്ട ആവശ്യകതകളും ചൂണ്ടിക്കാട്ടി.
ഉച്ചകോടിയുടെ പ്രമേയമായി ‘സ്പോർട്സ് ഡിേപ്ലാമസി’ തെരഞ്ഞെടുത്തതിന്റെ അഭിനന്ദിച്ച മന്ത്രി, രാജ്യങ്ങൾക്കിടയിൽ ബന്ധം ശക്തമാക്കാൻ സ്പോർട്സിന് കഴിയുമെന്ന് പറഞ്ഞു. സാങ്കേതിക അടിസ്ഥാന സൗകര്യ വികസനം, വിദ്യഭ്യാസം, സ്കിൽ ഡെവലപ്മെന്റ്, പുനരുപയോഗം ഊർജം, സുസ്ഥിര വികസനം തുടങ്ങിയ മേഖലയിലെ ഇന്ത്യയുടെ കാഴ്ചപ്പാടും നേട്ടങ്ങളും അദ്ദേഹം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.