ഘടികാരം നാല് പതിറ്റാണ്ട് പിന്നിലേക്ക് സഞ്ചരിക്കുേമ്പാൾ ഒാർമ്മയിൽ തറവാട്ട് വീട്ടിലെ നോമ്പുകാലം ഒാർമ്മകളുടെ പൂക്കാലം തീർക്കുന്നു. തീരദേശ ഗ്രാമമായ കൊയിലാണ്ടിയിലെ അറബിക്കടലിനോട് ചേർന്നായിരുന്നു ഞങ്ങളുടെ തറവാട്. കൃത്യമായി പറഞ്ഞാൽ കടലിൽനിന്ന് വീട്ടിലേക്കുള്ള ദൂരം മുന്നൂറ് മീറ്റർ മാത്രം. ഞങ്ങൾ കൂട്ടുകുടുംബമായി താമസിക്കുന്ന കാലം. ഞങ്ങളുടെ ഇരുനില തറവാട്ടിൽ ഏതാണ്ട് ഇരുപതോളം പേർ. രണ്ട് അടുക്കള. നോമ്പുകാലമായാൽ അസർ നമസകാരത്തിനുശേഷം രണ്ട് അടുക്കളയിലും പാചകത്തിെൻറ ബഹളമാണ്. അന്നു പുതിയാപ്പിളമാർ ഭാര്യവീട്ടിൽ താമസിക്കുന്ന കാലം. എെൻറ ഉപ്പാപ്പയും ഉമ്മാമയും ഉമ്മയും േജ്യഷ്ഠത്തിയും അനിയത്തിമാരും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. നോമ്പു തുറക്കാൻ അര മണിക്കൂർ ഉള്ള സമയത്ത് പുതിയാപ്പിളമാരെല്ലാംതറവാട്ടിലെത്തും. ഞങ്ങൾ കുട്ടികൾ വൈകുന്നേരം ആവുേമ്പാൾ കടപ്പുറത്തേക്ക് പോകും.
സൂര്യൻ കടലിൽ കുത്തിക്കഴിയുേമ്പാൾ എന്തെന്നില്ലാത്ത ആവേശമാണ്. പകുതി ആകുേമ്പാഴേക്ക് വീട്ടിലേക്ക് ഒാടും. വീട്ടിലേക്കെത്തുേമ്പാഴേക്ക് പള്ളിയിൽനിന്ന് മഗ്രിബ് ബാങ്ക് വിളി ഉയർന്നിട്ടുണ്ടാവും.
വീട്ടിലെത്തുേമ്പാൾ ഹാളിൽ സുപ്പറയിൽ ഭക്ഷണവിഭവങ്ങൾ നിരത്തിയിട്ടുണ്ടാവും. അന്നൊക്കെ എണ്ണപ്പൊരി പലഹാരങ്ങളുടെ ബഹളം തന്നെയാണ്. പഴവർഗങ്ങൾ വിശേഷ ദിവസങ്ങളിൽ മാത്രം. കടിച്ചാൽപൊട്ടാത്ത ഒരു കഷണം കാരയ്ക്ക ഉണ്ടാവും. പിന്നെ നാരങ്ങാവെള്ളം പഴംപൊരിയും കല്ലുമ്മക്കായ നിറച്ചത്, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി അങ്ങനെ പോകുന്ന പലഹാരങ്ങളുടെ നിര. കൂടെ തരിക്കഞ്ഞിയും ചായയും. പത്തിരി (മൂന്നുതരം) ഇറച്ചിക്കറിയും പഴയം വറ്റിച്ചതും അങ്ങനെ പോകുന്നു വിഭവങ്ങൾ. കോഴി അന്ന് അപൂർവ്വമാണ്. പുതിയാപ്പിളയുടെ വീട്ടിലുള്ളവരെ നോമ്പു തുറപ്പിക്കുന്ന ദിവസങ്ങളിലാണ് കോഴിയുടെ വരവ്.
അന്ന് കോഴിനിറച്ചതും പത്തിരികളോടും ഒപ്പം നെയ്ച്ചോറും ഇറച്ചിക്കറിയും അടക്കം സുപ്പറയിൽ കൊള്ളാവുന്നതിലും കൂടുതൽ വിഭവങ്ങൾ കാണും. പുതിയാപ്പിളമാരുടെ വീട്ടിലേക്ക് നോമ്പ് തുറ വിഭവം കൊടുത്തയക്കുന്ന സമ്പ്രദായവും അന്ന് കൊയിലാണ്ടിയിലും പരിസരത്തും ഉണ്ടായിരുന്നു. എല്ലാ വിഭവങ്ങളോടും ഒപ്പം രണ്ട് കുല നേന്ത്രപ്പഴവും കൊണ്ടുപോകുമായിരുന്നു. അന്ന് ഇതൊക്കെ തലച്ചുമട് ആയിട്ടാണ് കൊണ്ടുപോവുക. ഇന്നും ചില വീടുകളിലൊക്കെ ഇൗ സമ്പ്രദായം തുടരുന്നുണ്ട്. ചുമട്ടുകാർക്ക് പകരം ഒാേട്ടാറിക്ഷയാണ് ഇന്ന് ഇൗ ജോലി ചെയ്യുന്നത്.
പകുതിനോമ്പ് പിന്നിട്ട് കഴിഞ്ഞാൽ പിന്നെ പെരുന്നാളിെൻറ ഒരകത്തിലായി. നോമ്പുതുറ വിഭവങ്ങളൊക്കെ കുറഞ്ഞു കുറഞ്ഞു വരും. പെരുന്നാൾ രാവിെൻറ അന്ന് അമ്പിളിക്കല ദർശിക്കാൻ കടപ്പുറത്ത് ദൂരെ ദിക്കുകളിൽനിന്നുവരെ ആളുകളെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.