ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: കുവൈത്ത് ഇന്ന് ബൂത്തിലേക്ക്

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയായ 'മജ്‌ലിസുൽ ഉമ്മ' യിലേക്കുള്ള അംഗങ്ങളെ വ്യാഴാഴ്ച തെരഞ്ഞെടുക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെയാണ് വോട്ടെടുപ്പ്. 27 വനിതകൾ അടക്കം 305 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. അഞ്ചു മണ്ഡലങ്ങളിൽനിന്നായി 10 പേർ വീതം 50 പേരെയാണ് ദേശീയ അംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. 21 വയസ്സ് പൂർത്തിയായ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് വോട്ട് രേഖപ്പെടുത്താം. ഒറിജിനൽ ഐഡി ഇല്ലാത്ത വോട്ടർമാർക്ക് താൽക്കാലിക സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക രേഖകൾ കൈപ്പറ്റണം. 118 പോളിങ് സ്റ്റേഷനുകൾ വോട്ടെടുപ്പിനായി സജ്ജമായിട്ടുണ്ട്. 7,95,911വോട്ടർമാർ രാജ്യത്തുണ്ടെന്നാണ് കണക്ക്. വോട്ടർമാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ഒരാൾക്ക് ഒരു വോട്ട് മാത്രമേ ചെയ്യാൻ കഴിയൂ.

ഒന്നാം മണ്ഡലത്തിൽ 48 സ്ഥാനാർഥികളും 1,00,185 വോട്ടർമാരുമുണ്ട്. രണ്ടാം മണ്ഡലത്തിലും 48 സ്ഥാനാർഥികളുണ്ട്. ഇവിടെയുള്ള വോട്ടർമാരുടെ എണ്ണം 90,478 ആണ്. മൂന്നാം മണ്ഡലത്തിൽ 47 സ്ഥാനാർഥികളും 1,38,364 വോട്ടർമാരുമുണ്ട്. നാലാം മണ്ഡലത്തിൽ 80 സ്ഥാനാർഥികളും 2,08,971 വോട്ടർമാരുമുണ്ട്. അഞ്ചാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ -82. ഇവിടെ വോട്ടർമാരും കൂടുതലാണ് 2,57,913.

വോട്ടർമാർക്ക് അന്വേഷണങ്ങൾക്ക് തെരഞ്ഞെടുപ്പ് കാര്യ വകുപ്പിന്റെ ഹോട്ട്‌ലൈൻ നമ്പർ (1889-888) ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ, വോട്ടെണ്ണലിന്റെ ആരംഭവും തുടർന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. 1963ലാണ് രാജ്യത്ത് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, അഭി​പ്രായഭിന്നതകളെ തുടർന്ന്​ അടിക്കടി പാർലമെൻറ്​ പിരിച്ചുവിടുന്നതും തുടർച്ചയായ തെരഞ്ഞെടുപ്പുകൾക്കും നിരവധി തവണ കുവൈത്ത് സാക്ഷിയായി. അഭിപ്രായ ഭിന്നതകൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞമാസം ആദ്യത്തിലാണ് അവസാനമായി പാർലമെന്റ് പിരിച്ചുവിട്ടത്. ഇതാണ് പുതിയ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. സ്ഥിരതയുള്ള പാർലമെന്റ്, വികസനം എന്നിവ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളായിരുന്നു. പിരിച്ചുവിട്ട പാർലമെന്റിലെ 40 ലേറെ പേരും നിരവധി മുൻ അംഗങ്ങളും ഇത്തവണയും മത്സര രംഗത്തുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.