ദോഹ: ഫലസ്തീനികൾക്കൊപ്പം അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ച് ഖത്തർ നാഷനൽ ലൈബ്രറി. അധിനിവേശസേനയുടെ തുടർച്ചയായ ആക്രമണങ്ങൾക്കും ചോരച്ചാലുകൾക്കുമിടയിലും ഫലസ്തീൻ എന്ന രാഷ്ട്രസ്വപ്നം അവസാനിക്കില്ലെന്ന ഓർമപ്പെടുത്തലുമായാണ് ‘ഫലസ്തീൻ സ്റ്റോറി; ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി ഒരു സായാഹ്നം’ എന്ന പേരിൽ അന്താരാഷ്ട്ര ദിനം സംഘടിപ്പിച്ചത്.
ഭൂപടത്തിൽനിന്നും ജീവിതത്തിൽ നിന്നും ഫലസ്തീനെ മായ്ക്കാൻ അധിനിവേശസേന നിരന്തരമായി ശ്രമിക്കുമ്പോൾ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ഓർമപ്പെടുത്തുന്നതായിരുന്നു ഖത്തർ നാഷനൽ ലൈബ്രറിയിൽ നടന്ന പരിപാടികൾ. ഭൂപടങ്ങൾ, ഫലസ്തീൻ ചരിത്രം പറയുന്ന രേഖകൾ, ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.
നക്ബക്ക് മുമ്പുള്ള കാലം, വെസ്റ്റ് ബാങ്കിലെ ബെത്ലഹമിലെ ജീവിതം, ജറൂസലമിലെ റൊട്ടി വിൽപനക്കാർ, പരമ്പരാഗത റാമല്ലാ വസ്ത്രം ധരിച്ച സ്ത്രീ, പരമ്പരാഗത വസ്ത്രമണിഞ്ഞ ഫലസ്തീനിയൻ സ്ത്രീ തുടങ്ങി നാടിന്റെ ചരിത്രവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഫോട്ടോകൾ ശ്രദ്ധേയമായി.
ജൂത കുടിയേറ്റവും ചിത്രങ്ങളിലൂടെ വിവരിക്കുന്നുണ്ട്. വിവിധ ഫലസ്തീനിയൻ സാംസ്കാരികത പരിചയപ്പെടുത്തുന്ന പരിപാടികൾ, ഡോക്യുമെന്ററി പ്രദർശനം എന്നിവക്കും നാഷനൽ ലൈബ്രറി ആതിഥ്യം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.