ദോഹ: പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ മേഖലയിൽ 16 സ്കൂളുകൾക്കുകൂടി പ്രവർത്തനാനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. കിൻഡർഗാർട്ടൻ മുതൽ സീനിയർ തലം വരെയുള്ള സ്ഥാപനങ്ങൾക്കാണ് പുതുതായി അനുമതി നൽകിയതെന്ന് പ്രൈവറ്റ് സ്കൂളിങ് ലൈസൻസിങ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഹമദ് മുഹമ്മദ് അൽ ഗാലി പറഞ്ഞു.ഇതുവഴി 8870 സീറ്റുകളാണ് വർധിച്ചത്. കഴിഞ്ഞ മാർച്ചിന് ആരംഭിച്ച പ്രവേശനം ഒക്ടോബർ 14 വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കരിക്കുലത്തിലുള്ള മൂന്നു സ്കൂളുകൾ ഉൾപ്പെടെയാണ് പുതുതായി അനുവദിച്ചത്. ഒമ്പതെണ്ണം ബ്രിട്ടീഷ് കരിക്കുലത്തിലും രണ്ടെണ്ണം അമേരിക്കൻ കരിക്കുലത്തിലുമാണ്. ഇന്ത്യ, ഫിലിപ്പീനോ സമൂഹത്തിൻെറ ജനസംഖ്യാനുപാതികമായി കൂടുതൽ സ്കൂളുകൾ ആവശ്യമായതിനാലാണ് പുതിയ സ്ഥാപനങ്ങൾ അനുവദിച്ചതെന്ന് അൽഗാലി പറഞ്ഞു. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് ക്ഷാമത്തിന് വലിയ അളവു വരെ പരിഹാരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ സ്കൂളുകൾ സജീവമായി
സർക്കാർ സ്കൂളുകൾ ആഗസ്റ്റ് 29നാണ് തുറക്കുന്നതെങ്കിലും ഖത്തറിൽ, സ്വകാര്യമേഖലയിലെ സ്കൂളുകൾ സജീവമായി. ചൊവ്വാഴ്ച മിക്ക സ്വകാര്യ സ്കൂളുകളിലും പുതിയ അധ്യയനവർഷം ആരംഭിച്ചിരുന്നു. ബുധാനാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ സ്കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. സ്വകാര്യ വിദ്യാലയങ്ങളുടെ ചുമതലയുള്ള അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നാമ ഇൻറർനാഷനൽ അക്കാദമി, ഐ.സി.എസ് ഇൻറർനാഷനൽ, ഖത്തർ ഇൻറർനാഷനൽ സ്കൂൾ എന്നിവിടങ്ങൾ സന്ദർശിച്ചു. പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഹമദ് മുഹമ്മദ് അൽ ഗലി, പ്രൈവറ്റ് സ്കൂൾ അഫയേഴ്സ് ഡയറക്ടർ റാഷിദ് അഹമദ് അൽമർറി എന്നിവർ ഐൻഖാലിദിലെയും മറ്റും സ്കൂളുകളിലെത്തി കോവിഡ് സാഹചര്യത്തിലെ ക്ലാസ് സംവിധാനങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി.
50 ശതമാനം ഹാജറിൽ െബ്ലൻഡിഡ് ലേണിങ് സംവിധാനത്തിലാണ് സ്കൂളുകൾ പുതിയ അധ്യയന വർഷത്തിൽ പ്രവർത്തനം ആരംഭിച്ചത്. സ്വകാര്യ സ്കൂളുകളുടെ തയാറെടുപ്പിനെ അൽനാമ അഭിനന്ദിച്ചു.
കിൻഡർഗാർട്ടനും സ്കൂളുകളും ഉൾപ്പെടെ 328 സ്വകാര്യ സ്കൂളുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. വിവിധ രാജ്യങ്ങളുടെ കരിക്കുലത്തിൽ, 85 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 2.03 ലക്ഷം വിദ്യാർഥികളാണ് സ്വകാര്യ മേഖലയിൽ പഠിക്കുന്നത്. ഖത്തർ വിദ്യാർഥികളുടെ സ്വകാര്യ സ്കൂളുകളിലെ പ്രാതിനിധ്യം 33 ശതമാനം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.