ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ്-2 ആപ്ലിക്കേഷനിലേക്ക് കൂടുതൽ സേവനങ്ങൾകൂടി ചേർത്തതോടെ വ്യക്തികൾക്കും കമ്പനികൾക്കും മന്ത്രാലയ സേവനങ്ങൾ ഒൺലൈൻ വഴി കൂടുതൽ എളുപ്പമാകുമെന്ന് പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഉദ്യോഗസ്ഥൻ ലെഫ്. കേണൽ താരിഖ് ഈസ അൽ അൽ അഖീദി പറഞ്ഞു.
‘ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്, ഖത്തർ വിസ സെന്റർ, എക്സിറ്റ് ഗ്രീവൻസ് കമ്മിറ്റി എന്നിവയുടെ സേവനങ്ങൾ പൊതുജനങ്ങൾക്കായി’ എന്ന തലക്കെട്ടിൽ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഗത വിവരങ്ങൾ മാറ്റുന്നതിനുള്ള സേവനം, നവജാത ശിശുക്കൾക്കുള്ള വിസ സേവനം, കമ്പ്യൂട്ടർ കാർഡ് തുറക്കൽ, തൊഴിലുടമ മാറ്റ സേവനം, കുടുംബ സ്പോൺസർ മാറ്റുക, സർട്ടിഫിക്കറ്റ് ഇഷ്യുവൻസ് സേവനം എന്നിവയാണ് പുതുതായി മെട്രാഷ്-2 ആപ്ലിക്കേഷനിലേക്ക് മാറ്റിയ സേവനങ്ങൾ.
വ്യക്തിഗത വിവരങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട സേവനം എങ്ങനെ ഉപയോഗിക്കാമെന്നും നടപടിക്രമങ്ങളും ലെഫ്.കേണൽ അൽ അഖീദി വെബിനാറിൽ വിശദീകരിച്ചു. ചില രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിവാഹശേഷം പേര് മാറ്റുന്ന ആവശ്യങ്ങൾ ഉൾപ്പെടെയുള്ള സേവനം ഇതിലൂടെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുടുംബ സന്ദർശന വിസയിൽ രാജ്യത്തെത്തിയവർക്ക് ഉപയോഗപ്പെടുത്താവുന്ന സേവനമാണ് നവജാത ശിശുക്കൾക്കുള്ള വിസ സേവനം. പുതിയ സേവനത്തിലൂടെ നവജാത ശിശുവിനെ കുടുംബ സന്ദർശന വിസയിലേക്ക് ചേർക്കാം. കുഞ്ഞിന് പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അതോടൊപ്പം ജനനം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ വിസക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്യണം.
കമ്പ്യൂട്ടർ കാർഡ് ഓപണിങ്, റീ-ഓപണിങ് എന്നീ സേവനങ്ങൾ കമ്പനികളുടെ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെതന്നെ നിരവധി സേവനങ്ങൾ മെട്രാഷ് ആപ്ലിക്കേഷനിൽ അധികൃതർ ചേർത്തിരുന്നു. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ ഇഷ്യൂ ചെയ്യുക, റദ്ദാക്കുക, വിവരങ്ങൾ ചേർക്കുക, പുതുക്കുക, സ്ഥാപനത്തിന്റെ വിപുലീകരണം എന്നിവ ഇതിലുൾപ്പെടും.
ഒരു വ്യക്തിയെ ജോലിക്ക് റിക്രൂട്ട് ചെയ്യുകയും ജോലിയിൽ വിജയിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മറ്റൊരു തൊഴിലുടമയിലേക്ക് കത്ത് നൽകാതെതന്നെ അവനെ നിയോഗിക്കാൻ കഴിയുന്ന സേവനമാണ് തൊഴിലുടമ മാറ്റ സേവനം.
കുടുംബ സ്പോൺസർ സേവനം, കുടുംബാംഗങ്ങൾക്കുള്ളിൽ ഒരു സ്പോൺസറിൽനിന്ന് മറ്റൊരു സ്പോൺസറിലേക്ക് മാറാൻ കുടുംബങ്ങളെ പ്രാപ്തമാക്കുന്ന സേവനമാണ്. ഈ സേവനം കുടുംബങ്ങൾക്ക് മാത്രമുള്ളതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സർട്ടിഫിക്കറ്റുകൾ ഇംഗ്ലീഷ്, അറബി ഭാഷകളിലായി ഇഷ്യൂ ചെയ്യാൻ സാധിക്കുന്ന, റെസിഡൻസി സേവനങ്ങളുടെ വിഭാഗത്തിൽപെടുന്നതാണ് സർട്ടിഫിക്കറ്റ് ഇഷ്യുവൻസ് സേവനം. നിശ്ചിത ഫീസ് അടച്ച് ആവശ്യമായ വിവരങ്ങൾ നൽകി അംഗീകാരം ലഭിച്ചാലുടൻ അപേക്ഷകന്റെ ഇ-മെയിൽ വിലാസത്തിലേക്ക് സർട്ടിഫിക്കറ്റുകൾ അയക്കുമെന്നും അൽ അഖീദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.