ദോഹ: കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവരും മുൻഗണനയിലുള്ളവരും വാക്സിൻ സ്വീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് ഓർമിപ്പിച്ച് ഖത്തറിലെ ആരോഗ്യവിദഗ്ധർ. കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിടുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ക്ലിനിക്കൽ പരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് വിമൻസ് വെൽനസ് റിസർച് സെൻറർ ക്വാളിറ്റി ആൻഡ് സേഫ്റ്റി എക്സിക്യൂട്ടിവ് ഡയറക്ടറും ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൽട്ടൻറുമായ ഡോ. ഹുദ അൽ സാലിഹ് പറഞ്ഞു. മുലയൂട്ടുന്ന കുട്ടികളുള്ള മാതാക്കളും ഗർഭിണികളും ഗർഭിണികളാകാൻ തയാറെടുക്കുന്നവരും യോഗ്യരാണെങ്കിൽ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണം. പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഇത് നിർണായകമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട ട്വീറ്റിൽ വ്യക്തമാക്കി.
ഹൃേദ്രാഗമുള്ളവർക്കും കാർഡിയോവാസ്കുലാർ രോഗങ്ങളുള്ളവർക്കും കോവിഡ് അപകട സാധ്യത കൂടുതലാണ്. ബൂസ്റ്റർ ഡോസ് അടക്കം അവർ പൂർണമായും വാക്സിൻ സ്വീകരിക്കണമെന്നും എച്ച്.എം.സി ഹൃേദ്രാഗ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ഉമർ അൽ തമീമി ആവശ്യപ്പെട്ടു. വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഹൃേദ്രാഗങ്ങളുള്ളവർക്ക് ആശങ്കക്ക് സാധ്യതകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൃക്കസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും യോഗ്യരായവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധശേഷി നിലനിർത്തണമെന്നും എച്ച്.എം.സി നെേഫ്രാളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ഹസൻ അൽ മൽകി പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആറ് മാസം പിന്നിട്ടാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും വൈകിക്കരുതെന്നും മന്ത്രാലയം പുറത്തുവിട്ട ട്വീറ്റിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.