ദോഹ: ഗൾഫ് മാധ്യമം ഖത്തർ റണ്ണിലെ ട്രാക്കിൽ നിറഞ്ഞ് ഖത്തറിലെ മുൻനിര ബാഡ്മിന്റൺ പരിശീലന കേന്ദ്രമായ ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്സ് (എൻ.വി.ബി.എസ്). മിനി കിഡ്സ് മുതൽ ജൂനിയർ, പ്രൈമറി വിഭാഗങ്ങളിലായി അകാദമിയിൽനിന്ന് 47ഓളം വിദ്യാർഥികളാണ് ഖത്തർ റണ്ണിൽ മാറ്റുരച്ചത്.
മത്സരിക്കുക മാത്രമല്ല, വിവിധ വിഭാഗങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഓടിയെത്തി മികവു തെളിയിച്ച് മെഡലും വാരിക്കൂട്ടിയാണ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ്ജാനിന്റെ കീഴിലെത്തിയ കുട്ടികൾ മടങ്ങിയത്. അകാദമിയിലെ 12ഓളം പരിശീലകരുമായി രാവിലെ ആറിനു തന്നെ കുട്ടികൾ അൽ ബിദ പാർക്കിലെത്തിയിരുന്നു.
വാം അപ്പ് സെഷനും കഴിഞ്ഞ്, ട്രാക്കിലിറങ്ങിയവർ പരസ്പരം പോരടിച്ച് കുതിച്ചപ്പോൾ ബാഡ്മിന്റൺ കോർട്ടിൽ എയ്സുകൾ പായിക്കുന്ന അതേ വേഗത്തിൽ ഫിനിഷിങ് ലൈനും തൊട്ടു. വിവിധ അന്താരാഷ്ട്ര ബാഡ്മിന്റണുകളിൽ വിജയം നേടിയ ഇന്ത്യൻ കൗമാര താരം റിയ കുര്യൻ ഇന്റർമീഡിയറ്റ് വിഭാഗം മൂന്ന് കി.മീറ്ററിൽ ഒന്നാമതെത്തി.
മൂന്ന് കി.മീറ്റർ ഓവറോൾ വനിത വിഭാഗത്തിൽ മികച്ച സമയവും റിയയുടെ പേരിലായിരുന്നു. സെക്കൻഡറി വിഭാഗം മൂന്ന് കി.മീറ്ററിൽ ഒന്നാമതെത്തിയ സഞ്ജന നകുലനും എൻ.വി.ബി.എസ് താരമാണ്. ആൻഡ്രിയ റീത സോജൻ പ്രൈമറി വിഭാഗത്തിലും ഒന്നാമതായി. അഡ്ലിൻ മേരി സോജൻ ഇന്റർമീഡിയറ്റിൽ മൂന്നാമതെത്തി.
വിദ്യാർഥികൾക്ക് വിവിധ കായിക മേഖലകളിൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായി കൂടിയാണ് തങ്ങളുടെ സംഘത്തെ ഖത്തർ റണ്ണിൽ പങ്കാളികളാക്കിയതെന്ന് മനോജ് സാഹിബ്ജാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.