ദോഹ: പാരിസ് ഒളിമ്പിക്സ് ബീച്ച് വോളിയിൽ ഖത്തറിന്റെ മെഡൽ പ്രതീക്ഷയായ ഷെരീഫ് യൂനുസ്-അഹ്മദ് തിജാൻ സഖ്യത്തിന് പൂൾ ‘എ’യിൽ മൂന്നാം ജയം.
നേരത്തേ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ച ടീം, അവസാന ഗ്രൂപ് മത്സരത്തിൽ ആസ്ട്രേലിയയുടെ ഐസക് കരാഷെർ-മാർക് നികോളൈഡിസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ‘പൂൾ ‘എ’യിൽനിന്നും ഒന്നാം സ്ഥാനക്കാരായത്. സ്കോർ: 21-14, 21-18.
രണ്ട് സെറ്റുകളും അനായാസം സ്വന്തമാക്കി ഇനി പ്രീക്വാർട്ടർ പോരാട്ടത്തിന് ഒരുങ്ങാം. ഞായറാഴ്ച മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ. സ്വീഡന്റെ ലോക ഒന്നാം നമ്പർ സഖ്യത്തിനെതിരെ നേടിയ വിജയവുമായി ബുധനാഴ്ച കോർട്ടിലിറങ്ങിയ ഖത്തർ ടീം എതിരാളികൾക്കു മേൽ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചു. ഒരു ഘട്ടത്തിൽ പോലും പിന്നോട്ട് പോകാതെയായിരുന്നു സെറ്റ് സ്വന്തമാക്കിയത്.
‘പോരാട്ടം അവസാനിക്കുന്നില്ല. ഇനി വിശ്രമത്തിനുള്ള ഇടവേള മാത്രമാണ്. ഒരു ദിവസം കഴിഞ്ഞ് വീണ്ടും പരിശീലനവുമായി സജീവമാകും. വലിയ പോരാട്ടങ്ങൾക്കുള്ള ഒരുക്കമാണ്’ -മത്സര ശേഷം യൂനുസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.