ദോഹ: പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള വിദഗ്ധസംഘം പുറപ്പെട്ടു. ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി സംഘത്തെ യാത്രയാക്കാനെത്തി. ഈ അവസരം ഖത്തരി സേനക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണെന്ന് മന്ത്രി പറഞ്ഞു.
പ്രത്യേക യൂനിറ്റ്, വ്യക്തിഗത സംരക്ഷണം, ട്രാക്കിങ്, സ്ഫോടക വസ്തു നിർമാർജനം, സൈബർ സുരക്ഷ, സുരക്ഷ പട്രോളിങ്, മൗണ്ടഡ് പട്രോളിങ്, ആന്റി-ഡ്രോൺ ടീമുകൾ, പ്ലാനിങ് ടീം, ലോജിസ്റ്റിക്സ്, എയർപോർട്ട് സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങൾ ഖത്തറിനെ പ്രതിനിധീകരിച്ച് പാരിസ് ഒളിമ്പിക്സിൽ സുരക്ഷ സേവനരംഗത്ത് പ്രവർത്തിക്കും. ഒളിമ്പിക്സ് സുരക്ഷ സന്നാഹങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സംഘത്തിന് ഖത്തർ ആഭ്യന്തര മന്ത്രാലയം രൂപം നൽകിയിരുന്നു.
ഫീൽഡ് പരിശീലനം ഉൾപ്പെടെ മൂന്നാഴ്ചത്തെ തീവ്ര തയാറെടുപ്പുകൾ നടത്തിയ ശേഷമാണ് പ്രത്യേക സംഘം ദോഹയിൽനിന്ന് പാരിസിലേക്ക് തിരിച്ചത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇരുരാജ്യങ്ങളിലെയും ഓപറേഷൻ റൂമുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് ഫ്രാൻസിൽ ഒളിമ്പിക്സ് നടക്കുന്നത്. ഒളിമ്പിക്സ് സുരക്ഷക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖത്തറും ഫ്രാൻസും കരാറിൽ ഒപ്പുവെച്ചത്. കായികതാരങ്ങള്‍ക്കും ആരാധകര്‍ക്കും പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിന് ആതിഥേയരായ ഫ്രാന്‍സ് ഖത്തറിന്റെ സഹായം തേടുകയായിരുന്നു.
കഴിഞ്ഞ ഫുട്ബാൾ ലോകകപ്പ് കുറ്റമറ്റ രീതിയിലും സുരക്ഷ പഴുതുകളില്ലാതെയും നടത്താൻ കഴിഞ്ഞതാണ് ഖത്തറിന്റെ സഹായം തേടാൻ വികസിത രാഷ്ട്രങ്ങളെ പോലും പ്രേരിപ്പിക്കുന്നത്. അമേരിക്കയും കാനഡയും മെക്സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അടുത്ത ഫുട്ബാൾ ലോകകപ്പിലും ഖത്തറിന്റെ സുരക്ഷ സഹകരണമുണ്ടാകും. ഇതുസംബന്ധിച്ച് യു.എസും ഖത്തറും രണ്ടാഴ്ച മുമ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.