ദോഹ: ഖത്തറിന്റെ മണ്ണിൽ കേരളത്തിന്റെ വൈവിധ്യങ്ങളെല്ലാം ഒന്നിക്കുന്ന ഓണവുമായി ജോജു ജോർജ് ലവേഴ്സ് ക്ലബും ലുലു ഹൈപ്പർമാർക്കറ്റും. ആഗസ്റ്റ് 25നും സെപ്റ്റംബർ ഒന്നിനുമായി അൽ വക്റയിലെ എസ്ദാൻ ഒയാസിസ് ലുലു മാളിലും അൽ തുമാമ ഒലീവ് ഇന്റർനാഷനൽ സ്കൂളിലുമായി നടക്കുന്ന ‘ഓണനിലാവ് 2023’ ആഘോഷ പരിപാടികളിൽ മലയാള ചലച്ചിത്ര താരങ്ങളായ സനുഷ സന്തോഷും മാളവിക മേനോനും മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
25ന് എസ്ദാൻ ഒയാസിസ് ലുലു മാളിൽ ഖത്തറിലെ പ്രമുഖരായ 13 ടീമുകൾ പങ്കെടുക്കുന്ന ഓണപ്പൂക്കള മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും. ഉച്ച രണ്ടു മുതൽ നാലുവരെയാണ് പൂക്കള മത്സരം. വിജയികൾക്ക് 10 ഗ്രാം സ്വർണനാണയമാണ് സമ്മാനം. അഞ്ചുമണി മുതൽ കലാ-സാംസ്കാരിക പരിപാടികളും തുടർന്ന് അമ്മമാരും കുട്ടികളും പങ്കെടുക്കുന്ന ‘സൂപ്പർ മമ്മി’ റിയാലിറ്റി ഷോയും. 26 പേരിൽനിന്ന് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എട്ട് ‘സൂപ്പർ മമ്മി’മാരാണ് ഓണനിലാവിന്റെ ഭാഗമായി റിയാലിറ്റി ഷോയിൽ പങ്കെടുക്കുക. വിവിധ കലാപരിപാടികളും കുട്ടികളുടെ ഓണപ്പരിപാടികളും ഉൾപ്പെടെ 420ഓളം കലാകാരന്മാർ ഓണാഘോഷം വൈവിധ്യമാക്കി മാറ്റും.
സെപ്റ്റംബർ ഒന്നിന് വൈകീട്ട് അഞ്ച് മുതൽ ഒലീവ് ഇന്റനാഷനൽ സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ മാളവിക മേനോൻ മുഖ്യാതിഥിയാവും. ഖത്തർ മഞ്ഞപ്പടയുടെ മെഗാ ബാൻഡ്മേളം, 51 കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം, 180ഓളം വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, വൈകീട്ട് ഏഴോടെ മാനവീയം സാംസ്കാരിക പരിപാടി, വടംവലി എന്നിവയും അരങ്ങേറും. ഓണച്ചന്ത, രുചിവൈവിധ്യങ്ങൾ ഒരുക്കുന്ന റസ്റ്റാറന്റുകൾ, ഓണപ്പാട്ടുകൾ, കുമ്മാട്ടിക്കളി, പൂരക്കളി, മയിലാട്ടം, മറൂരാട്ടം, കൈകൊട്ടിക്കളി, തിറളി, പൂതപ്പാട്ട് എന്നിങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓണവിശേഷ പരിപാടികളുമുണ്ടാകും. രണ്ടുദിവസത്തെ ആഘോഷത്തിൽ 900ത്തോളം കലാകാരന്മാർ അണിനിരക്കും.
ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ ജോജു ജോർജ് ലവേഴ്സ് ക്ലബ് ലീഗൽ അഡ്വൈസർ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ചെയർമാൻ സൂരജ് ലോഹി, പ്രസിഡന്റ് ടിജു തോമസ്, പ്രോഗ്രാം മേധാവി നിഖിൽ ദാസ്, ബ്ലൂ ഗാലക്സി എം.ഡി സഞ്ജു സാമുവൽ, മുഹമ്മദ് റസൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.