വാർത്തസമ്മേളനത്തിൽ ഓൺലൈൻ യൂത്ത് ഫെസ്​റ്റിവലിൻെറ പോസ്​റ്റർ പ്രകാശനം നടത്തുന്നു

ഓൺലൈൻ യൂത്ത് ഫെസ്​റ്റിവൽ തുടങ്ങി

ദോഹ: അൽസഹീം ഇവൻറ്​, റേഡിയോ മലയാളം 98.6, റഹീപ്​ മീഡിയ എന്നിവ ചേർന്ന്​ നടത്തുന്ന ഓൺലൈൻ യൂത്ത് ഫെസ്​റ്റിവൽ തുടങ്ങിയതായി ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ്​ കാലത്ത്​ ആദ്യമായാണ്​ വിപുലമായി ഇത്തരത്തിൽ ഖത്തറിൽ ഓൺലൈൻ യൂത്ത് ഫെസ്​റ്റിവൽ നടത്തുന്നതെന്ന്​ ഭാരവാഹികൾ പറഞ്ഞു. സ്കൂൾ കലോത്സവത്തിൻെറ മാതൃകയിലാണിത്​. ഇന്നലെ നടന്ന ചടങ്ങിൽ പരിപാടിയുടെ ഔദ്യോഗിക വിഡിയോ, പോസ്​റ്റർ, ട്രോഫി എന്നിവയുടെ പ്രകാശനം റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, എൽമർ മൂവി പ്രൊഡ്യൂസറും ജി.ഡബ്ല്യു.സി സി.ഒ.ഒയുമായ രാജേശ്വർ എന്നിവർ ചേർന്ന് നടത്തി.

വെർച്വൽ കലാവേദിയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ്, മാപ്പിളപ്പാട്ട്, ലളിതഗാനം, മിമിക്രി, മോണോ ആക്ട്, പ്രസംഗം (മലയാളം/ഇംഗ്ലീഷ്), ഷോർട്ട് ഫിലിം എന്നീ 13 ഇനങ്ങൾ അറങ്ങേറും. 500 കലാപ്രതിഭകൾ, 70ലധികം സംഘടനകൾ, ക്ലബുകൾ, കൂട്ടായ്​മകൾ എന്നിവയുടെ നേതൃത്വത്തിലാണ്​ മത്സരാർഥികൾ അണിനിരക്കുന്നത്​. ഒരുമാസം നീളുന്ന പരിപാടി ആഗസ്​റ്റ്​ ഒമ്പതിന്​ ആരംഭിച്ചു. എല്ലാ മത്സരങ്ങളും സംഘാടകരുടെ ഫേസ്ബുക്ക് പേജുകളിലൂടെയും ഗ്രാൻറ്​ ഫിനാലെ റേഡിയോ മലയാളം ഫേസ്ബുക്ക് പേജിലും സംപ്രേഷണം ചെയ്യും. നാല്​ അന്തിമവിജയികൾക്ക്​ ആഗസ്​റ്റ്​ 28ന് അരങ്ങേറുന്ന ഡിജിറ്റൽ സ്​റ്റേജ് ഇവൻറിലൂടെ വീണ്ടും അവസരം ലഭിക്കും. ആകർഷക സമ്മാനങ്ങളും​ ലഭിക്കും.

വാർത്തസമ്മേളനത്തിൽ അൽസഹീം ഇവൻറ്​സ്​ എം.ഡി ഗഫൂർ കാലിക്കറ്റ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, മാർക്കറ്റിങ് മാനേജർ നൗഫൽ അബ്​ദുൽ റഹ്മാൻ, ജി.ഡബ്ല്യു.സി സി.ഒ.ഒ രാജേശ്വർ, റഹീപ്​ മീഡിയ എം.ഡി ഷാഫി എന്നിവർ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.