ദോഹ: 2023 ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ച് വരെ നടക്കുന്ന ദോഹ എക്സ്പോ സന്ദർശിക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് വഴിയൊരുങ്ങുന്നു. ദോഹ എക്സ്പോ 2023 കമ്മിറ്റി, ആഭ്യന്തര മന്ത്രാലയം, ഖത്തർ എയർവേസ് എന്നിവരുടെ നേതൃത്വത്തിൽ ട്രാൻസിറ്റ് യാത്രക്കാരെ എക്സ്പോ സന്ദർശിക്കാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ട്രാൻസിറ്റ് യാത്രക്കാർക്ക് എക്സ്പോ സന്ദർശിക്കാൻ അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിവരുകയാണെന്ന് ദോഹ എക്സ്പോ 2023 സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയവും ഖത്തർ എയർവേസുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ എക്സ്പോക്ക് ടൂറിസം പ്രമോഷനുണ്ടാകുമെന്നും മുഹമ്മദ് അൽഖൂരി കൂട്ടിച്ചേർത്തു. വിമാനത്താവളത്തിൽ ഏഴു മുതൽ എട്ടു മണിക്കൂർ വരെ ചെലവഴിക്കുന്നതിനു പകരം അവർക്ക് എക്സ്പോ സന്ദർശിക്കാം. രാജ്യത്തിന്റെ വിനോദസഞ്ചാരത്തെയും എക്സ്പോയുടെ ആഗോള പ്രമോഷനെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
160ലധികം നഗരങ്ങളിലേക്കു പറക്കുന്ന ഖത്തർ എയർവേസിനെ എക്സ്പോയുടെ ആഗോള പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുമെന്നും വാർത്തസമ്മേളനത്തിൽ അൽഖൂരി വ്യക്തമാക്കി.ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെ ആറു മാസത്തോളം നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോക്ക് അൽബിദ്ദ പാർക്കാണ് വേദിയാകുന്നത്. ഏകദേശം 30 ലക്ഷം സന്ദർശകർ എക്സ്പോയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രാൻസിറ്റ് യാത്രക്കാർക്ക് നിലവിൽ വ്യത്യസ്തമായ നിരവധി ഒാപ്ഷനുകളാണ് അധികൃതർ വാഗ്ദാനം ചെയ്തത്. എട്ടു മണിക്കൂറിലധികം ട്രാൻസിറ്റ് സമയമുള്ള യാത്രക്കാർക്ക് രണ്ടു ട്രാൻസിറ്റ് ടൂറുകൾ പ്രയോജനപ്പെടുത്താം.
മൂന്നു മണിക്കൂർ നീളുന്ന സിറ്റി ടൂറാണ് ഒന്നാമത്തേത്, ഇതിൽ ദോഹക്കു ചുറ്റും കോർണിഷ്, ഇസ്ലാമിക് ആർട്ട് മ്യൂസിയം, കതാറ കൾചറൽ വില്ലേജ്, സൂഖ് വാഖിഫ് എന്നിവ ഉൾപ്പെടുന്നു.‘ഡിസ്കവർ ദ ഡിസേർട്ട്’ എന്ന പേരിൽ ഇൻലൻഡ് സീയുമുൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന നാലു മണിക്കൂർ ദൈർഘ്യമുള്ള സ്വകാര്യ ടൂറാണ് രണ്ടാമത്തേത്. ലോകത്തുതന്നെ കടലും മരുഭൂമിയും സന്ധിക്കുന്ന മൂന്നു സ്ഥലങ്ങളിലൊന്നായ ഖോർ അൽ ഉദൈദ് സന്ദർശിക്കാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.നാലു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ ട്രാൻസിറ്റ് സമയമുള്ള യാത്രക്കാർക്ക് ഡിസ്കവർ ദി ആർട്ട് ഓഫ് എയർപോർട്ട്, ഡിസ്കവർ സ്ക്വാഷ് അറ്റ് എയർപോർട്ട്, ഡിസ്കവർ സിമുലേറ്റർ അറ്റ് എയർപോർട്ട് എന്നിങ്ങനെയുള്ള മൂന്ന് എക്സ്ക്ലൂസിവ് ടൂറുകളും ലഭ്യമാകും. ഖത്തർ എയർവേസിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് വിഭാഗമായ ഡിസ്കവർ ഖത്തറിനാണ് എല്ലാ യാത്രകളുടെയും ചുമതലയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.