ദോഹ: ലോകകപ്പിനുള്ള മാച്ച് ടിക്കറ്റുകൾ നേരത്തെ സ്വന്തമാക്കുകയും എന്നാൽ, പല കാരണങ്ങളാൽ മത്സരം കാണാൻ കഴിയില്ലെന്ന് ഉറപ്പിക്കുകയും ചെയ്തവർക്ക് മാച്ച് ടിക്കറ്റുകൾ മറിച്ചുവിൽക്കാൻ അവസരം ഒരുക്കി ഫിഫ. ഔദ്യോഗിക മാച്ച് ടിക്കറ്റ് വിൽപനക്കുള്ള വെബ്സൈറ്റായ 'ഫിഫ ടിക്കറ്റ്സിൽ' പുനർവിൽപനക്കുള്ള റീസെയിൽ പ്ലാറ്റ്ഫോം കഴിഞ്ഞ ദിവസം സജീവമായി. ആഗസ്റ്റ് 16ന് ഖത്തർ സമയം ഉച്ചക്ക് 12 വരെ വിൻഡോയിലെ 'ടിക്കറ്റ്സ് ടു റീസെയ്ൽ' ഓപ്ഷൻ ഉപയോഗിച്ച് ടിക്കറ്റുകൾ മറിച്ചുവിൽപന നടത്താം. എന്നാൽ, ഈ ഘട്ടത്തിനുശേഷം, ലോകകപ്പിനോട് അടുത്ത സമയത്ത് വീണ്ടും പുനർവിൽപനക്കുള്ള അവസരം നൽകുമെന്ന് ഫിഫ അറിയിച്ചു.
ടിക്കറ്റുള്ളവർ തങ്ങളുടെ ഫിഫ അക്കൗണ്ട് ലോഗിൻ ചെയ്തുവേണം പുനർവിൽപനക്കുള്ള ഓപ്ഷനിൽ പ്രവേശിക്കാൻ. നേരത്തെ അനുവദിച്ച ഘട്ടങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പണമടച്ച് സ്വന്തമാക്കിയവർക്കാണ് തങ്ങളുടെ പേരിലുള്ള ടിക്കറ്റുകൾ വിൽപന നടത്താൻ അവസരം നൽകുന്നത്.
•പ്ലാറ്റ്ഫോം വഴി വിൽപനക്കു വെക്കുന്ന ടിക്കറ്റ് ആവശ്യക്കാരൻ വാങ്ങിയാൽ റീസെയിൽ ചാർജ് ഈടാക്കി ബാക്കി തുകയാവും വിൽപനക്ക് വെച്ചയാൾക്ക് ലഭിക്കുക.
•റീസെയിൽ പ്ലാറ്റ്ഫോം വഴി വിൽപനക്ക് വെക്കുന്ന ടിക്കറ്റുകൾ എല്ലാം വിറ്റഴിയുമെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഫിഫ വ്യക്തമാക്കുന്നു. മാച്ച് ടിക്കറ്റിന് ആവശ്യക്കാരനുണ്ടെങ്കിൽ മാത്രമേ ടിക്കറ്റ് പുനർവിൽപന നടത്താൻ കഴിയുകയുള്ളൂ.
•ടിക്കറ്റ് പുനർവിൽപനക്ക് ശ്രമിക്കുമ്പോഴോ ടിക്കറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യത്തിലോ യഥാർഥ ഉടമക്കുണ്ടാവുന്ന നഷ്ടങ്ങൾക്കും സമയബന്ധിതമായ പിൻവലിക്കാൻ കഴിയാത്തതുമൂലമുള്ള നഷ്ടത്തിനും ഫിഫ ഉത്തരവാദിയായിരിക്കില്ല.
•ടിക്കറ്റിന്റെ പ്രധാന അപേക്ഷകന്, തന്റെ ടിക്കറ്റ് നിലനിർത്തി ഗെസ്റ്റുകളുടെ പേരിൽ ബുക്ക് ചെയ്തവയും റീസെയിൽ പ്ലാറ്റ്ഫോം വഴി വിൽക്കാവുന്നതാണ്.
•പ്രധാന അപേക്ഷ, തന്റെ ടിക്കറ്റ് വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിഥികൾക്കായി സ്വന്തമാക്കിയവ ഉൾപ്പെടെ മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും പുനർവിൽപനക്ക് രജിസ്റ്റർ ചെയ്യണം.
•അതിഥിയെന്ന നിലയിൽ ടിക്കറ്റ് കൈവശമുള്ളവർക്ക് പ്രധാന അപേക്ഷകൻ ഒപ്പമില്ലാതെ (ഒറിജിനൽ ടിക്കറ്റ് ഹോൾഡർ) മത്സരങ്ങൾക്ക് പ്രവേശനാനുമതിയുണ്ടാവില്ല. അതേസമയം, പുനർവിൽപനക്ക് വെച്ചവയിൽ മുഴുവൻ ടിക്കറ്റും വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രധാന ടിക്കറ്റ് ഉടമക്ക് മത്സരം കാണാവുന്നതാണ്.
•പുനർവിൽപനയിലെ ടിക്കറ്റ് നിരക്ക് റീസെയിൽ പ്ലാറ്റ്ഫോമിൽ വ്യക്തമാക്കിയിരിക്കും. ടിക്കറ്റിന്റെ യഥാർഥ വിലയേക്കാൾ കൂടിയോ കുറഞ്ഞോ ആയിരിക്കും നിരക്കുകൾ.
•റീസെയില്‍ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ടിക്കറ്റുകളില്‍ യഥാർഥ ടിക്കറ്റ് വാങ്ങിയയാളുമായി ബന്ധപ്പെട്ട വിവരങ്ങളോ അതിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങളോ നല്‍കുന്നില്ല.
റീസെയില്‍ പ്ലാറ്റ്ഫോമില്‍നിന്ന് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞാൽ രണ്ടുപേരിൽനിന്ന് നിശ്ചിത തുക ഫീ ആയി ഈടാക്കും. യഥാർഥ ടിക്കറ്റ് വാങ്ങിയ ആളില്‍നിന്നും റീസെയില്‍ ടിക്കറ്റ് വാങ്ങുന്നയാളില്‍ നിന്നുമായാണ് ഈടാക്കുന്നത്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ടിക്കറ്റ് പോര്‍ട്ടലില്‍ ലഭ്യമാണ്.
പുനർവിൽപനക്ക് വെച്ച ടിക്കറ്റ് വിറ്റഴിഞ്ഞാൽ, റീസെയില്‍ വിന്‍ഡോ അവസാനിച്ച് 30 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീസെയില്‍ ഫീസ് കുറച്ച ശേഷമുള്ള ടിക്കറ്റിന്റെ തുക തിരിച്ചുനൽകും. അതേസമയം, മറ്റേതെങ്കിലും തരത്തിലൂടെ ടിക്കറ്റുകള്‍ പുനര്വില്പന നടത്തുകയോ പുനര്വില്പനക്ക് ശ്രമിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.