ദോഹ: മീഡിയവണിനെതിരായ കേന്ദ്രസർക്കാറിന്റെ സംപ്രേഷണ വിലക്ക് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ.
നിയമ പോരാട്ടത്തിൽ മീഡിയവൺ നേടിയ ചരിത്രവിജയത്തിന്റെ പശ്ചാത്തലത്തിൽ സന്തോഷം പങ്കിട്ട് ഖത്തറിലെ പ്രേക്ഷക സമൂഹത്തിന്റെ ഒത്തുചേരലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരിനും നന്മക്കും ലഭിച്ച അംഗീകാരമാണ് മീഡിയവൺ കേസിലെ വിധി. ഒരു വർഷത്തെ നിരന്തര നിയമ പോരാട്ടത്തിനൊടുവിൽ പുലർന്ന നീതി ഇന്ത്യയുടെ മാധ്യമ-പൗര സ്വാതന്ത്ര്യത്തിനുള്ള വിജയമാണ്. വിയോജിക്കാനും വിമർശിക്കാനുമുള്ള പൗരസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി. രാജ്യത്തിനും ഇന്ത്യൻ ജനതക്കും മാധ്യമലോകത്തിനും അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ അഭിമാനിക്കാവുന്നതാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായിട്ടുള്ളത് -അദ്ദേഹം പറഞ്ഞു.
പൊരുതാൻ ആഗ്രഹിക്കുന്നവർക്ക് ഓപ്ഷനുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. മതേതരത്വത്തിനും ജനാധിപത്യത്തിനും നിലകൊള്ളുന്ന ജനവിഭാഗത്തിന് ആത്മവിശ്വാസം നൽകുന്നതാണിത്. ഇന്ത്യൻ ജുഡീഷ്യറിയുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ചരിത്രത്തിലെ നാഴികക്കല്ലുകൂടിയായി വിശേഷിപ്പിക്കാം. മാധ്യമസ്വാതന്ത്ര്യം, ദേശീയ സുരക്ഷ, സീൽഡ് കവർ തുടങ്ങി വിവിധ വിഷയങ്ങളിൽ നിർണായക വിശദീകരണങ്ങളോടെയായിരുന്നു സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനമെന്നതും ശ്രദ്ധേയമായിരുന്നു. മീഡിയവണിനെതിരായ എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ട് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പഴുതടച്ചതായിരുന്നു വിധിപ്രസ്താവ്യമെന്ന് അദ്ദേഹം പറഞ്ഞു. നിർണായകഘട്ടത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ മീഡിയവൺ ചാനലിനുവേണ്ടി സംസാരിച്ചു. പാർലമെന്റിലും പുറത്തും ശബ്ദമുയർന്നു. രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ദേശീയ മാധ്യമങ്ങളുമെല്ലാം ഒപ്പംനിന്നു.
അതിശയിപ്പിക്കുന്ന പിന്തുണയായിരുന്നു പല കോണുകളിൽനിന്നും ലഭിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പംനിന്ന ജീവനക്കാരോടുള്ള കടപ്പാടും അദ്ദേഹം അറിയിച്ചു.
മാധ്യമങ്ങളെ എന്ന് നിശ്ശബ്ദമാക്കുന്നോ, അന്ന് രാജ്യത്തിന്റെ ജനാധിപത്യം അവസാനിക്കപ്പെടുമെന്ന് മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ല പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം എന്നും പോരാട്ട പാതയിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
മീഡിയവൺ-ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി സ്വാഗതം പറഞ്ഞു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ വിഡിയോ സന്ദേശത്തിലൂടെ ഖത്തറിലേത് ഉൾപ്പെടെ പ്രവാസ സമൂഹത്തിന്റെ പിന്തുണക്ക് നന്ദി അറിയിച്ചു. ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് വിനോദ് നായർ, ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ, വി.സി. മഷ്ഹൂദ്, ബഷീർ തുവാരിക്കൽ, മുർഷിദ്, പ്രദോഷ് (അടയാളം ഖത്തർ), അബൂബക്കർ ഖാസിമി, ഷാജി ഫ്രാൻസിസ്, താജ് ആലുവ, മീഡിയവൺ ഖത്തർ ബ്യൂറോ ഇൻചാർജ് ഫൈസൽ ഹംസ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ നാസർ ആലുവ നന്ദി പറഞ്ഞു.
റബീഹ് സമാൻ പരിപാടി നിയന്ത്രിച്ചു. മീഡിയവൺ അഡ്വൈസറി ബോർഡ് അംഗങ്ങളായ സിദ്ദീഖ് പുറായിൽ, അബ്ദുല്ല ഉള്ളാടത്ത്, പി.കെ. സാജിദ് എന്നിവർ നേതൃത്വം നൽകി.
ഒയാസിസ് ബീച്ച് ക്ലബിൽ നടന്ന പരിപാടിയിൽ ഖത്തറിലെ വ്യാപാരി പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രശസ്തരും പങ്കെടുത്തു. സന്തോഷ സൂചകമായി കേക്ക് മുറിച്ച് മധുരം പങ്കുവെച്ചായിരുന്നു പരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.