ദോഹ: ഇറാനിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ തെഹ്റാൻ സന്ദർശനം. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ ക്ഷണം സ്വീകരിച്ച് വ്യാഴാഴ്ച രാവിലെയാണ് അമീർ തെഹ്റാനിലെത്തിയത്. ഉച്ചകഴിഞ്ഞ് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രനേതാക്കളും മേഖലയിലെയും രാജ്യാന്തര തലത്തിലെയും വിഷയങ്ങൾ ചർച്ചചെയ്തു. ഉഭയകക്ഷി ബന്ധവും, രാഷ്ട്രീയവും ചർച്ചചെയ്ത അമീറും ഇറാൻ പ്രസിഡന്റും മേഖല കൂടുതൽ സമാധാനപരമായി തുടരേണ്ടതിന്റെയും സംഘർഷ സാധ്യതകൾ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകതകൾ വ്യക്തമാക്കി.
രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകൾ, ടൂറിസം, നിക്ഷേപം, ഗതാഗതം, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലെ സഹകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്തു. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഖത്തറും ഇറാനും തമ്മിൽ ചരിത്രപരമായ ബന്ധമുണ്ടെന്ന് ഊന്നിപ്പറഞ്ഞ അമീർ, ശാശ്വതവും നിരന്തരവുമായ സംഭാഷണം തുടരാൻ രാജ്യം പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും, മേഖലയുടെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുമെന്നും സംയുക്തമായി നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീനിലെ സംഘർഷവും, മേഖലയിൽ തുടരുന്ന ഇസ്രായേൽ അധിനിവേശവും അതിക്രമവും ഇറാൻ പ്രസിഡന്റുമായി ചർച്ച ചെയ്തതായി അമീർ പറഞ്ഞു.
ഇസ്രായേൽ വിഷയത്തിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ ഇടപെടണമെന്നും അമീർ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നീതിന്യായവും മനുഷ്യത്വവും ലംഘിക്കുന്നതാണ് നടപടികളെന്നും വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഖത്തർ കാണുന്നത്. മേഖലയിലെ സമാധാനവും സ്ഥിരതയുമാണ് ഞങ്ങളുടെ ലക്ഷ്യം -അമീർ പഞ്ഞു.
വർഷാവസാനം ഖത്തർ വേദിയാവുന്ന ലോകകപ്പിലേക്ക് ഇറാൻ ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനത്തിന് സാക്ഷിയാവാനും പിന്തുണക്കാനുമായി ഇറാൻ ജനതയെയും അമീർ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ഖത്തറിലെ മാത്രമല്ല, മേഖലയുടെയും ഇസ്ലാമിക രാജ്യങ്ങളുടെയും അഭിമാനമെന്ന നിലയിലാവും ലോകകപ്പിന്റെ ആതിഥേയത്വമെന്നും അമീർ പറഞ്ഞു. അമീറിന്റെ സന്ദർശനത്തിന് നന്ദിപറഞ്ഞ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, ഖത്തർ-ഇറാൻ ഉഭയകക്ഷി സൗഹൃദത്തിൽ ഈ സന്ദർശനം നിർണായകമാവുമെന്നും വ്യക്തമാക്കി.
ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ല ഹൈൻ എന്നിവരും ഇരു രാഷ്ട്ര നേതാക്കൾക്കുമൊപ്പമുണ്ടായിരുന്നു.
അമീർ തുർക്കിയിൽ
ദോഹ: ഒരു ദിവസത്തെ ഇറാൻ സന്ദർശനം പൂർത്തിയാക്കിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കിയിലേക്ക് തിരിച്ചു. തെഹ്റാനിൽ നിന്നായിരുന്നു തുർക്കിയിലേക്ക് യാത്രയായത്. വിമാനത്താവളത്തിൽ ഇറാൻ ഊർജ മന്ത്രി അലി അക്ബർ മെഹ്റാബിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം അമീറിനെ യാത്ര അയക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.