ദോഹ: പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കുന്നതിനുള്ള ഖത്തരി സംഘം അന്തിമഘട്ട തയാറെടുപ്പില്‍. ഫീല്‍ഡ് പരിശീലനം ഉള്‍പ്പെടെ തയാറെടുപ്പുകളാണ് സംഘം നടത്തുന്നത്. കായിക താരങ്ങള്‍ക്കും ആരാധകര്‍ക്കും പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി ആതിഥേയരായ ഫ്രാന്‍സ് ഖത്തറിന്റെ സഹായവും തേടിയിരുന്നു. ലോകകപ്പ് കാലത്തെ കുറ്റമറ്റ സുരക്ഷ സന്നാഹമാണ് ഖത്തറിന്റെ സഹായം തേടാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചത്. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിമ്പിക്സ് നടക്കുന്നത്.
ഫ്രാന്‍സിലേക്ക് തിരിക്കാനിരിക്കുന്ന സംഘം തീവ്ര തയാറെടുപ്പിലാണ്. ഒളിമ്പിക്സ് സുരക്ഷ സന്നാഹങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേകസംഘത്തിന് ഖത്തർ ആഭ്യന്തര മന്ത്രാലയം രൂപം നൽകിയിരുന്നു. ഫീല്‍ഡില്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇരുരാജ്യങ്ങളിലെയും ഓപറേഷൻ റൂമുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയും കാനഡയും മെക്സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അടുത്ത ഫുട്ബാൾ ലോകകപ്പിലും ഖത്തറിന്റെ സുരക്ഷ സഹകരണമുണ്ടാകും. ഇതുസംബന്ധിച്ച് യു.എസും ഖത്തറും രണ്ടാഴ്ച മുമ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.