ദോഹ: പാരിസ് ഒളിമ്പിക്സിൽ 14 പുരുഷ-വനിത അത്ലറ്റുകൾ ഖത്തറിനെ പ്രതിനിധാനംചെയ്ത് മത്സരിക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത്ലറ്റിക്സ്, ബീച്ച് വോളിബാൾ, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, നീന്തൽ എന്നീ ഇനങ്ങളിലാണ് ഖത്തർ മത്സരിക്കുക. അത്ലറ്റിക്സിൽ മുഅ്തസ് ബർഷിം, അബ്ദുറഹ്മാൻ സാംബ, അബൂബക്കർ ഹൈദർ, ബാസിം ഹുമൈദ, ഇസ്മായിൽ ദാവൂദ്, അമ്മാർ ഇസ്മായിൽ, സെയ്ഫ് മുഹമ്മദ്, ഷഹദ് മുഹമ്മദ് എന്നിവരും ഷൂട്ടിങ്ങിൽ സഈദ് അബു ഷറാബ്, റാഷിദ് സാലിഹ് അൽ അദുബ എന്നിവരും വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഫാരിസ് ഇബ്രാഹിം ഹുസൂനയും ബീച്ച് വോളിബാളിൽ ശരീഫ് യൂനിസ് -അഹ്മദ് തിജാൻ എന്നിവരും നീന്തലിൽ അബ്ദുൽ അസീസ് അൽ ഉബൈദലിയും മത്സരിക്കും. ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് മുഅതസ് ബർഷിമും വനിത അത്ലറ്റ് ഷഹദ് മുഹമ്മദുമാണ് ഖത്തറിന്റെ പതാക വഹിക്കുക.
ജൂലൈ 19 മുതൽ ഖത്തർ താരങ്ങൾ പാരിസിലേക്ക് തിരിക്കും. താരങ്ങൾ നേരത്തെ തയാറെടുപ്പ് തുടങ്ങിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി കായിക വകുപ്പ് മേധാവി മുഹമ്മദ് ഈസ ഫദാല പറഞ്ഞു. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിലെ അത്ലറ്റിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത് ആഗസ്റ്റ് ഒന്നിനാണ്. അത്ലറ്റിക്സിലാണ് ഖത്തറിന്റെ പ്രധാന പ്രതീക്ഷ. 2020ലെ ടോക്യോ ഒളിമ്പിക്സിൽ രണ്ട് സ്വർണം ഉൾപ്പെടെ മൂന്ന് മെഡലുകളാണ് ഖത്തർ നേടിയത്. ഹൈജംപിൽ മുഅ്തസ് ബർഷിം, 96 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഫാരിസ് ഇബ്രാഹിം ഹുസൂന എന്നിവരാണ് സ്വർണം നേടിയത്. അഹ്മദ് തിജാനും ശരീഫ് യൂനിയും അടങ്ങിയ ബീച്ച് വോളിബാൾ ടീം വെങ്കലവും നേടി. ഒളിമ്പിക്സിലെ ഖത്തരി അഡ്മിനിസ്ട്രേറ്റിവ് ഡെലിഗേഷൻ ഡയറക്ടർ മുഹമ്മദ് സഈദ് അൽ മിസ്നാദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.