ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഖത്തർ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ പവിലിയൻ ഉദ്ഘാടനം ‘ദീവാൻ അൽ അറബ്’ ഡയറക്ടർ ഷബീബ് അറാർ അൽനുഐമി നിർവഹിച്ചു.
ചടങ്ങിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ പ്രസിഡന്റ് കാസിം ടി.കെ, ജനറൽ സെക്രട്ടറി നൗഫൽ പാലേരി, വൈസ് പ്രസിഡന്റ് കെ.സി. അബ്ദുൽ ലത്തീഫ്, ഹബീബ് റഹ്മാൻ കീഴ്ശ്ശേരി, മുഹമ്മദ് ബാബു ഐ.എം, റഷീദ് മമ്പാട്, ബഷീർ അഹ്മദ് എന്നിവർ പങ്കെടുത്തു.
പുസ്തകോത്സവത്തിന്റെ രണ്ടാം ദിവസം ദോഹ എക്സിബിഷൻ ആൻഡ് കണ്വെൻഷൻ സെന്ററിലെ കള്‍ചറല്‍ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ വെച്ച് ഡോ. താജ് ആലുവ രചിച്ച ‘അസമത്വങ്ങളുടെ ആല്‍ഗരിതം’, എം.എസ്.എ റസാഖ് രചിച്ച ‘ആത്മീയ പാതയിലെ മഹാരഥന്മാർ’, ഹുസൈൻ കടന്നമണ്ണ വിവർത്തനം ചെയ്ത ‘റബീഉല്‍ അവ്വല്‍’ എന്നീ പുസ്തകങ്ങളുടെ ഖത്തറിലെ പ്രകാശനം നടന്നു. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിലെ വിവർത്തന വിഭാഗം മേധാവി മുഹമ്മദ് അല്‍ കുവാരി, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈന് നല്കി പ്രകാശനം നിർവഹിച്ചു.
ദോഹ എക്സ്ബിഷൻ സെന്റർ ഡയറക്ടർ ജാസിം അഹ്മദ് അല്‍ ബൂഐനൈൻ, ഖത്തർ ഓതേഴ്സ് ഫോറം ഡയറക്ടർ ആയിശ അല്‍ കുവാരി, പുസ്തകമേളയുടെ സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്ന സ്വാലിഹ് ഗരീബ്, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയ്യ പ്രിൻസിപ്പല്‍ ഡോ. അബ്ദുല്‍ വാസിഅ്, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് കെ.സി. അബ്ദുല്ലത്തീഫ്, ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, സെമിനാർ കോഓഡിനേറ്റർ ബഷീർ അഹ്മദ്, സി.ഐ.സി ബുക്ക് ഡിപ്പോ ഇൻചാർജ് റഷീദ് മമ്പാട് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.
പുസ്തകപ്രകാശനത്തോടനുബന്ധിച്ച് നടന്ന ‘സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതില്‍ വിവർത്തനത്തിന്റെ പങ്ക്’ എന്ന അറബി ഭാഷ സെമിനാറില്‍ ഡോ. താജ് ആലുവ മോഡറേറ്ററായിരുന്നു. ഡോ. അബ്ദുല്‍ വാസിഅ്, ഹുസൈൻ കടന്നമണ്ണ, എം.എസ്. അബ്ദുറസാഖ് തുടങ്ങിയവർ സംസാരിച്ചു.
പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തിലെ ഐ.പി.എച്ച് സ്റ്റാളിൽ തിരഞ്ഞെടുത്ത പുസ്തക കിറ്റുകള്‍ പ്രത്യേക വിലക്കുറവില്‍ ലഭ്യമാണ്. ഐ.പി.എച്ചിന്റെ എണ്ണൂറില്പരം ഗ്രന്ഥശേഖരം ഇവിടെ ലഭ്യമാണ്.വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെ പുസ്തകപ്രേമികൾക്ക് സന്ദർശിക്കാം. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെയാണ് സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.