ദോഹ: ഓൺ അറൈവൽ വിസ വഴി ഖത്തറിലെത്തുന്ന യാത്രക്കാർ 5000 റിയാലോ തത്തുല്യമായ തുകയോ അക്കൗണ്ടിലോ, കൈയിൽ കരുതണമെന്ന് നിർദേശം. ഇത്തരം യാത്രക്കാർക്ക് നേരത്തെ തന്നെയുള്ള നിർദേശം കഴിഞ്ഞ ദിവസമാണ് അധികൃതർ കർശനമാക്കിയത്. വ്യാഴാഴ്ച കേരളത്തിൽ നിന്നെത്തിയ 20 ഓളം യാത്രക്കാർ ഹമദ് വിമാനത്താവളത്തിൽ പരിശോധനയിൽ കുടുങ്ങി.
5000 ഖത്തർ റിയാലോ, അല്ലെങ്കിൽ തുല്യമായ ഇന്ത്യൻ രൂപയോ അക്കൗണ്ടിൽ ഉണ്ടായിരിക്കണമെന്നാണ് ഓൺ അറൈവൽ വിസക്കാർക്കുള്ള പ്രധാന ഉപാധി. പുതിയ യാത്രാ നയത്തിനു പിന്നാലെ, ഈ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി നിരവധി യാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലെത്തിയെങ്കിലും വിമാനത്താവളത്തിൽ ഇവർ ആരും തന്നെ ഈ പരിശോധന നേരിട്ടിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം എത്തിയവർ റാൻഡം പരിശോധനയിൽ കുടുങ്ങി. ഇവർക്ക് വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
നിശ്ചിത തുകയുള്ള അകൗണ്ടിൻെറ ഇൻറർനാഷണൽ ബാങ്ക് കാർഡ് യാത്രക്കാരൻെറ കൈവശം വേണം. അല്ലെങ്കിൽ ഈ തുക കറൻസിയായി കൈയിൽ കരുതിയാലും മതി. അക്കൗണ്ടിൽ സൂക്ഷിക്കുന്നവർ, അതിൻെറ സ്റ്റേറ്റ്മെൻറ് കൈവശം കരുതിയാൽ മതിയെന്നും ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
ഖത്തറിൽ പുതിയ യാത്രാ നയം പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെ സൗദിയിലേക്കുള്ള നിരവധി യാത്രക്കാരാണ് ദോഹയിലെത്തുന്നത്. റെഡ് ലിസ്റ്റിലുള്ള ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ളതിനാൽ ഖത്തറിലെത്തി 14 ദിവസം പൂർത്തിയാക്കിയാൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന പ്രതീക്ഷയിലാണ് ഇവരുടെ വരവ്.
ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻെറ രണ്ട് ഡോസും
സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ ഓൺ അറൈവൽ യാത്രക്കാർക്ക് നിർബന്ധമാണ്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂർ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് യാത്രാനുമതി ലഭിച്ചലേ വിമാനത്തിൽ കയറാൻ കഴിയൂ.
കോവിഡ് കാലത്തിന് മുമ്പ് ഇന്ത്യക്കാർക്ക് ഓൺ അറൈവൽ ആരംഭിച്ചപ്പോൾ തന്നെ നിശ്ചിത തുക അക്കൗണ്ടിൽ വേണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഖത്തറിൽകഴിയുന്നത്ര ദിവസത്തെ ചിലവുകൾക്കും മറ്റാവശ്യങ്ങൾക്കും പൈസയില്ലാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സിസ്റ്റം നേരത്തെ നിലനിന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.