കളിചരിത്രത്തിെൻറ ഒഴുക്കിനെ ഗതിമാറ്റിവിട്ട പുതുപ്പിറവിക്കാണ് ആ ജൂൺമാസത്തിൽ സ്വീഡൻ അരങ്ങൊരുക്കിയത്. വിസെെൻറ ഫിയോളയെന്ന മാനേജരുടെ തലയിൽവിരിഞ്ഞ ഒരു ടാക്ടിക്കൽ ഇന്നവേഷനിൽ സ്വീഡിഷ് മൈതാനങ്ങളിൽ ബ്രസീൽ വിസ്മയമായിപ്പടർന്നു. പിൽക്കാലത്ത് 'അന്യഗ്രഹത്തിൽനിന്ന് വന്നവനോ?'എന്ന് എതിരാളികൾ ആശ്ചര്യപൂർവം നോക്കിനിന്ന ഒരു ചട്ടുകാലൻ-മാനുവൽ ഫ്രാൻസിസ്കോ ഡോസ് സാേൻറാസ് എന്ന ഗാരിഞ്ച. 21 കാരനായ അയാൾക്കൊപ്പം കളിയുടെ വമ്പൻവേദികൾ കണ്ടുപരിചയം ഒട്ടുമില്ലാത്തൊരു കൗമാരക്കാരൻ -എഡിസൺ അരാൻറസ് ഡി നാസിമെേൻറാ എന്ന പതിനേഴുകാരൻ -സാക്ഷാൽ പെലെ. ഇവർക്ക് കൂട്ടായി വാവ, ദിദി, സീറ്റോ, മരിയോ സഗാലോ, സോസിമോ, ഗിൽമർ, ദ്യാൽമ സാേൻറാസ്, ബെല്ലിനി...ലോകത്തെ അതിശയമുനമ്പിൽ നിർത്തി ആ സംഘബലം കളിക്കരുത്തിെൻറ പുതിയ സമവാക്യങ്ങൾ തീർത്തു. സോൾനയിലെ റസുൻഡ സ്റ്റേഡിയത്തിൽ ആതിഥേയരായ സ്വീഡനെ കലാശപ്പോരിൽ 5-2ന് കശക്കിയെറിഞ്ഞ് മഞ്ഞപ്പട വിശ്വകിരീടത്തിൽ മുത്തമിട്ടതോടെ കളിയിൽ ബ്രസീലിെൻറ അശ്വമേധത്തിന് തുടക്കമായി. 1962ൽ അടുത്ത ലോകകപ്പിലും പെലെയും സംഘവും വാണരുളിയതോടെ കളിയുടെ ചരിത്രപഥങ്ങളിൽ ബ്രസീലിയൻ ഗരിമ വേരൂന്നുകയായിരുന്നു.
1950ൽ ഹംഗറിയുടെ മാജിക്കൽ മഗ്യാറുകളുടെ വിസ്മയൈശലിയുടെ മറ്റൊരു വകഭേദമായിരുന്നു എട്ടുവർഷത്തിനുശേഷം സ്വീഡനിൽ നിറഞ്ഞുകത്തിയ ബ്രസീലിെൻറ സാംബാചുവടുകൾ. W-M ഫോർമേഷെൻറ ഞെരുങ്ങിയ ചുവടുകളെ അതിജീവിക്കാൻ ഫിയോള 4-2-4 ശൈലിയിലേക്ക് തന്ത്രങ്ങളെ മാറ്റിപ്പണിതു. എതിരാളികളുടെ ഗോൾമുഖം റെയ്ഡ് ചെയ്യാൻ ലക്ഷണമൊത്ത രണ്ട് സെൻറർ ഫോർവേഡുകൾ. അവർക്ക് കൈയയച്ച് സഹായവുമായി രണ്ട് വിങ്ങർമാർ. 2-3-5 ശെലിയിൽ മാൻ ടു മാൻ മാർക്കിങ്ങുമായി ടീമുകൾ പരമ്പരാഗത രീതിയിൽ എതിരാളികളെ നേരിടുന്ന കാലത്താണ് ബ്രസീൽ പുതുരീതിയുമായി അവതരിച്ചത്.
വിങ് ബാക്കുകൾ കയറിക്കളിക്കുകയും ക്രിയേറ്റിവ് മിഡ്ഫീൽഡർമാർ നയിക്കുന്ന മധ്യനിരക്കൊപ്പം ആക്രമിച്ചുകയറാനുമറിയുന്ന സെൻറർ ഡിഫൻഡർമാർ വരെ പന്ത് നിരന്തരം പാസ് ചെയ്യുകയും ചെയ്തതോടെ ബ്രസീലിന് മറുതന്ത്രമൊരുക്കാൻ കഴിയാതെ എതിരാളികൾ കുഴങ്ങി. മുന്നേറ്റനീക്കങ്ങളിൽ ഏഴോ എട്ടോ കളിക്കാർ ആക്രമണ സന്നദ്ധരായി കൊമ്പുകുലുക്കിയെത്തുേമ്പാൾ മറ്റു ടീമുകൾക്ക് പൂർണമായി പ്രതിരോധത്തിലേക്ക് വലിയേണ്ടിവന്നു. വ്യക്തിഗത പാടവവും ടാക്ടിക്കൽ ഇൻറലിജൻസും ചേർന്നുള്ള സർഗാത്മകവും വിജയകേന്ദ്രീകൃതവുമായ ആ തന്ത്രങ്ങളാണ് പിന്നീടേറെക്കാലം ലോക ഫുട്ബാളിെൻറ അമരത്തു വിരാജിക്കാൻ കാനറികളെ തുണച്ചത്.
മുൻനിരയിൽ ബ്രസീലിെൻറ എക്കാലെത്തയും മികച്ച കളിക്കാരായ പെലെയും ഗാരിഞ്ചയും. ആക്രമണത്തിൽ ഇടംവലം സഹായിക്കാൻ വാവയും സഗാലോയും. മധ്യനിരയിൽനിന്ന് നിരന്തരം പന്തെത്തിച്ച് ദിദിയും സിറ്റോയും. ബെല്ലീനിയും ദ്യാൽമ സാേൻറാസും അണിനിരക്കുന്ന പ്രതിരോധം. കുറ്റിയുറപ്പുള്ള ഡിഫൻസിനെയും ശൗര്യവും ആവേശവും സമ്മേളിച്ച അറ്റാക്കിങ്ങിനെയും കൂട്ടിയിണക്കി ബ്രസീൽ നടത്തിയ പടപ്പുറപ്പാട്, മൈതാനത്തെ തന്ത്രങ്ങളുടെ മാതൃകാരൂപരേഖയായിരുന്നു; ഫുട്ബാളിെൻറ ചരിത്രത്തിലെ ഏറ്റവും അഴകുറ്റ പ്രദർശനങ്ങളിലൊന്ന്.
പെലെയും ഗാരിഞ്ചയുമായിരുന്നു ഈ തേരോട്ടത്തിന് ചുക്കാൻ പിടിച്ചത്. രണ്ടു ജീനിയസുകൾ ഒരേസമയം അരങ്ങേറ്റത്തിനിറങ്ങിയ ലോകകപ്പ് കൂടിയായിരുന്നു അത്. പെലെ പിന്നീട് കളിയുടെ ചക്രവർത്തിയായെങ്കിൽ, ഗാരിഞ്ച ലോക ഫുട്ബാൾ കണ്ട എക്കാലത്തെയും പ്രതിഭാശാലിയായ റൈറ്റ് വിങ്ങർ എന്ന വിശേഷണത്തിനുടമയായി. 1962ൽ ചിലിയിൽ നടന്ന ലോകകപ്പിലും തകർത്താടിയ ഗാരിഞ്ച ഡ്രിബ്ലിങ്ങിലും പന്തടക്കത്തിലും പെലെയെ കടത്തിവെട്ടിയ താരമായിരുന്നു. ബ്രസീലിയൻ ആക്രമണത്തിെൻറ തലവര എന്നെന്നേക്കുമായി മാറ്റിയെഴുതിയത് ഇരുവരും ചേർന്നാണ്.
1958 ജൂൺ 15ന് ഗോഥൻബർഗിലെ കളിമുറ്റത്താണ് ഇരുവരും ലോകകപ്പിലേക്ക് ആദ്യമായി ബൂട്ടുകെട്ടിയിറങ്ങിയത്. ആ ലോകകപ്പിൽ ബ്രസീലിെൻറ മൂന്നാം മത്സരത്തിൽ ലെവ് യാഷിെൻറ സോവിയറ്റ് യൂനിയനെതിരെ. ഇംഗ്ലണ്ടിനോട് സമനില വഴങ്ങി ക്വാർട്ടർ പ്രതീക്ഷകൾ ത്രിശങ്കുവിലായതോടെ കാൽമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പെലെയെയും ഒപ്പം ഗാരിഞ്ചയെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ഫിയോള തീരുമാനിക്കുകയായിരുന്നു. ആ മത്സരം ജയിച്ച് ക്വാർട്ടറിലെത്തിയ ബ്രസീൽ, പെലെയുടെ ഗോളിലാണ് വെയ്ൽസിനെ മറികടന്നത്. സെമിയിൽ കരുത്തരായ ഫ്രാൻസിനെതിരെ ഹാട്രിക്കുമായി ആ കൗമാരക്കാരൻ ടീമിെൻറ രക്ഷകവേഷം കെട്ടി. 5-2ന് മഞ്ഞപ്പട കലാശപ്പോരിൽ.
ഫൈനലിൽ അരലക്ഷം കാണികളെ ആവേശത്തിലാഴ്ത്തി നിൽസ് ലീഡ്ഹോം നാലാംമിനിറ്റിൽതന്നെ ഗിൽമറിനെ കടത്തിവെട്ടി വെടിയുതിർക്കുന്നു. ടൂർണമെൻറിലാദ്യമായി ബ്രസീൽ ഒരു മത്സരത്തിൽ പിന്നിട്ടുനിന്നു. മുറിവേറ്റ കാനറികൾ ഉടൻ തിരിച്ചടിച്ചു. അഞ്ചുമിനിറ്റുകൾക്കകം തെൻറ മാർക്കറെ മറികടന്ന് ഗാരിഞ്ചയുടെ അളന്നുമുറിച്ച പാസ്. വാവയുടെ ഗോൾ. 30-ാം മിനിറ്റിൽ വീണ്ടും അതേ കൂട്ടുകെട്ടിലൂടെ അതേ രീതിയിലൊരു ഗോൾകൂടി. ഇടവേളക്ക് പിരിയുേമ്പാൾ ബ്രസീൽ 2-1ന് മുന്നിൽ. 55ാം മിനിറ്റിൽ മുകളിൽപറഞ്ഞ മനോഹരഗോളുമായി പെലെ അവതരിച്ചതോടെ സ്വീഡെൻറ മോഹങ്ങളെല്ലാം അസ്തമിച്ചു. ആഗ്നെ സിമോസണിലൂടെ ആതിഥേയർ വീണ്ടും ഗിൽമറെ കീഴ്പ്പെടുത്തിയെങ്കിലും നേരിയ പ്രതീക്ഷകളെയും തല്ലിക്കെടുത്തി 89-ാം മിനിറ്റിൽ പെലെ വീണ്ടും. ഒരു ഇതിഹാസം പിറവിയെടുക്കുകയായിരുന്നു. അനിഷേധ്യമായൊരു പടയോട്ടത്തിെൻറ തുടക്കവും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.