ദോഹ: ഖത്തറിന്റെ സമ്പന്നമായ മുത്തുവാരൽ, മത്സ്യബന്ധന പാരമ്പര്യവും പൈതൃകവും പുതുതലമുറകളിലേക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി അപൂർവമായ കാഴ്ചകൾക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കതാറ സാക്ഷിയായത്. പൂർവികരെ പോലെ വെള്ളമുണ്ടും ബനിയനും ഉടുത്ത്, കൈയിലൊരു കൊട്ടയും ഡൈവർ ഉപകരണങ്ങളുമായി കൗമാരക്കാർ കടലിലേക്ക് ചാടുന്നു. നീലക്കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന കൗമാരക്കാർക്ക് കൈത്താങ്ങായി പരിചയ സമ്പന്നരായ ഡൈവർമാർ.
കുട്ടികൾക്കായി കതാറ സംഘടിപ്പിച്ച അഞ്ചാമത് അൽമിന പേൾ ഡൈവിങ് മത്സരമായിരുന്നു നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തൊഴിലറിവുകൾ പുതുതലമുറക്ക് പകർന്നുനൽകുന്ന വേദിയായി മാറിയത്. പത്തിനും 15നും ഇടയിൽ പ്രായമുള്ള 168 മത്സരാർഥികളാണ് രണ്ടു ദിനങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരങ്ങൾ വെള്ളിയാഴ്ച സമാപിച്ചു. ഡൈവിങ്, ഹദ്ദാഖ്, മീൻപിടിത്തും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്.
കുട്ടികളിൽ സഹകരണം, ഐക്യദാർഢ്യം, സ്വാശ്രയത്വം, സഹിഷ്ണുത, ക്ഷമ, സ്ഥിരോത്സാഹം എന്നിവയുടെ മൂല്യങ്ങൾ പഠിക്കാനും പകർന്ന് നൽകാനുമുള്ള അവസരമാണ് ഇതെന്നും സമുദ്ര ശാസ്ത്രത്തെക്കുറിച്ച് പഠിക്കാനും സമ്പന്നവും ഉപയോഗപ്രദവുമായ അനുഭവം സമ്മാനിക്കാനും ഈ സാഹസികപഠന യാത്രക്ക് കഴിയുമെന്നും മത്സരത്തിന് മേൽനോട്ടം വഹിക്കുന്ന സഈദ് അൽ കുവാരി പറഞ്ഞു. മീൻപിടിത്തം, മുങ്ങൽ, ദിശ കണ്ടെത്തൽ, കാലാവസ്ഥ, കാറ്റിന്റെ വേഗതയും ഗതിയും, തിരമാലകളുടെ ചലനം എന്നിവയെക്കുറിച്ച് കുട്ടികളിൽ അറിവ് വർധിപ്പിക്കാനും മത്സരം സഹായിക്കുമെന്നും അൽ കുവാരി പറഞ്ഞു. മീൻ പിടിക്കാനും മുത്ത് വാരാനുമായുള്ള പരമ്പരാഗത സമുദ്ര വസ്ത്രം ധരിച്ചാണ് കുട്ടികളെല്ലാം മത്സരത്തിനെത്തിയത്.
പ്രഭാത നമസ്കാരാനന്തരം ബോട്ടിലേറി കടലിലേക്ക് പോയ കുട്ടികൾ രാവിലെ 10 മണിയോടെ വിശ്രമത്തിനായി കതാറയിലേക്ക് മടങ്ങുകയും ശേഷം വീണ്ടും കടലിലേക്ക് തിരിക്കുകയും ചെയ്തു. സൂര്യാസ്തമയത്തിന് മുമ്പായി ഫാൽക് ഓയ്സ്റ്റേഴ്സിൽ പങ്കെടുക്കാനായി മത്സരാർഥികൾ വീണ്ടും കതാറയിലേക്ക് മടങ്ങും. രാത്രിയിൽ അത്താഴവും നാടൻ ഗെയിമുകളുമായി കുട്ടികൾ സമയം ചെലവഴിക്കും. സൂര്യാസ്തമയത്തോടെയാണ് മത്സരത്തിന് സമാപനം കുറിച്ചത്.
ഒരാൾ പൊക്കം ആഴമുള്ള മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കിയായിരുന്നു മത്സരങ്ങൾ നടന്നത്. ട്രെയിനർമാർ നേരത്തേ ഇറങ്ങി നിൽക്കുന്ന കടലിലേക്ക് ചാടിയ ശേഷം മുങ്ങുന്ന കുട്ടികൾ അടിത്തട്ടിലെത്തി മുത്തുകൾ മുങ്ങിയെടുത്ത് തിരികെ എത്തുകയാണ് രീതി. മത്സരങ്ങൾക്കു മുമ്പ് പരിശീലനവും മറ്റും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.