ദോഹ: എട്ടുവർഷത്തെ ഇടവേളക്കുശേഷം ഖത്തർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്. ബുധനാഴ്ച രാത്രി ദോഹയിലെത്തിയ പ്രധാനമന്ത്രി വ്യാഴാഴ്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ നടന്ന ആചാരപരമായ ഔദ്യോഗിക വരവേൽപ്പിനു ശേഷമായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയും ഖത്തറും തമ്മിലെ വ്യാപാര, ഊർജ, നിക്ഷേപ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചർച്ച ചെയ്തു. ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ മോദി അമീറിന് നന്ദി പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അമീരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാന ആൽഥാനി, അമീറിെൻറ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് ബിൻ അഹ്മദ് അൽ മിസ്നദ്, ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരിദ അൽ കഅബി, വാണിജ്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി എന്നിവരും പങ്കെടുത്തു.
യു.എ.ഇയിലും ഖത്തറിലുമായി മൂന്നുദിവസം നീണ്ട ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രിയും സംഘവും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ന്യൂഡൽഹിയിലേക്ക് മടങ്ങി.
വിവിധ മേഖലകളിലെ ഇന്ത്യ-ഖത്തർ സഹകരണം സംബന്ധിച്ച് അവലോകനം നടത്തിയതായും, ഭാവി സമൂഹത്തിന് കൂടി ഗുണകരമാകുന്ന രീതിയില്‍ ഇരുരാജ്യങ്ങളും സഹകരണം വിപുലമാക്കുമെന്നും അമീറുമായുള്ള കൂടിക്കാഴ്ചക്കുശേഷം മോദി ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. ചൊവ്വാഴ്ച രാത്രി ഖത്തര്‍ സമയം ഒമ്പതരയോടെയാണ് നരേന്ദ്ര മോദി ദോഹയിലെത്തിയത്. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി, ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന്, രാത്രി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി ഒരുക്കിയ അത്താഴവിരുന്നിൽ മോദി പങ്കെടുത്തു. ഇരുവരും തമ്മില്‍ ചർച്ച നടത്തി.
ദുബൈ സന്ദർശനം കഴിഞ്ഞായിരുന്നു പ്രധാനമന്ത്രി ഖത്തറിലേക്ക് പറന്നത്. 2016 ജൂണിൽ നടത്തിയ സന്ദർശനത്തിനുശേഷം ആദ്യത്തെ ഖത്തർ സന്ദർശനമാണിത്. ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ ഇന്ത്യൻ നാവികരുടെ മോചനം സാധ്യമായി അവർ നാട്ടിൽ തിരിച്ചെത്തിയതിനു പിറകെയായിരുന്നു പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശന പ്രഖ്യാപനം. നാവികരുടെ മോചനം സാധ്യമാക്കിയതിൽ അദ്ദേഹം ഖത്തർ അമീറിന് നന്ദി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.