പ്രസാദ്​ കൾച്ചറൽ ഫോറം ഭാരവാഹികളായ മുഹമ്മദ്​ കുഞ്ഞി, ഷരീഫ്​ ചിറക്കൽ എന്നിവർക്കൊപ്പം

അമ്മയില്ലാത്ത വീട്ടിലേക്ക്​ പ്രസാദി​ന്‍റെ പുതുജന്മം

ദോഹ: ഇന്ത്യ റിപ്പബ്ലിക്​ ദിനം ആഘോഷിക്കുന്ന പുലരിയിൽ തൃശൂർ സ്വദേശിയായ പ്രസാദ്​ കൊച്ചി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങും. നീണ്ട 22 വർഷത്തിനു ശേഷം പിറന്ന മണ്ണി​ന്‍റെ സ്​നേഹത്തിലേക്ക്​ വീണ്ടും മടങ്ങുന്നതി​ന്‍റെ സന്തോഷത്തിലാണ്​ ഖത്തർ പ്രവാസിയായ തളിക്കുളം എരണേടത്ത്​ വീട്ടിൽ ഇ.പി.വി പ്രസാദ്​. പ്രവാസത്തി​ന്‍റെ ദുരിതവും ചതിക്കുഴികളും താണ്ടിയ ദുർഘടമായ ജീവിതത്തിനൊടുവിൽ, സുമനസ്സുകളായ ഒരുകൂട്ടം മനുഷ്യരുടെ നന്മയുടെ കൂടി ഫലമാണ്​ മരുഭൂ മണ്ണിൽ നിന്നും പിറന്നമണ്ണി​ന്‍റെ പച്ചപ്പിലേക്ക്​ പ്രസാദി​ന്‍റെ മടക്കം. അദ്ദേഹത്തി​ന്‍റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, എല്ലാ അവസാനിച്ചുവെന്ന്​ ഉറപ്പിച്ചതിൽ നിന്നും പുതിയൊരു ജീവിതത്തിലേക്കുള്ള പിറവി.

ജീവിത സ്വപ്നങ്ങൾക്ക്​ നിറം പകരാനായി സഹോദരൻ നൽകിയ വിസയിൽ ഖത്തറിലേക്ക്​ പറക്കുമ്പോൾ 23 വയസ്സായിരുന്നു പ്രസാദി​ന്‍റെ പ്രായം. 1991ൽ ഖത്തറിലെത്തി സൗദിക്കാരനായ അറബിയുടെ സ്​പോൺസർഷിപ്പിൽ പ്രവാസത്തിന്​ തുടക്കമായി. എല്ലാ മാസവും നിശ്ചിത തുക സ്​പോൺസർക്ക്​ നൽകി, തരക്കേടില്ലാതെ മുന്നോട്ടു​ പോയ കാലങ്ങൾ. ​ലൈസൻസ്​ സ്വന്തമാക്കി ഡ്രൈവർ ജോലിയിൽ ഖത്തറി​ന്‍റെ എല്ലാ കോണുകളിലേക്കും പാഞ്ഞു. നാലും ആറും വർഷങ്ങളുടെ ഇടവേളയിലായി പത്തു വർഷത്തിനുള്ളിൽ രണ്ടു തവണ നാട്ടി​ലെത്തി അമ്മയെയും സഹോദരങ്ങളെയും കണ്ടു മടങ്ങി. 2000ത്തിലായിരുന്നു അവസാനമായി നാട്ടി​ലെത്തി മടങ്ങിയത്​. പലകാരണങ്ങളാൽ നാട്ടിലേക്കുള്ള ​യാത്ര വൈകി. 2010ൽ വീണ്ടും വിസ പുതുക്കാനായി സ്​പോൺസ​റെ തേടിയെത്തിയപ്പോഴാണ്​ അദ്ദേഹം ഖത്തർ വിട്ടതായി വിവരം ലഭിച്ചത്. പാസ്​പോർട്ടും, ലൈസൻസും ഉൾപ്പെടെ രേഖകളെല്ലാം അദ്ദേഹത്തി​ന്‍റെ കൈവശമായിരുന്നു. വിസ കാലാവധി കഴിഞ്ഞു, ലൈസൻസ്​ നഷ്ടമായതോടെ ജോലിചെയ്യാനും പറ്റാത്ത അവസ്ഥ, ഖത്തറിലെ താമസം തന്നെ നിയമലംഘനമായി മാറി. പിന്നീടുള്ള ജീവിതം ഒളിവുകാലംപോലെയായി മാറിയെന്ന്​ പ്രസാദ്​ പറയുന്നു. പല സുഹൃത്തുക്കളുടെയും കാരുണ്യത്തിൽ കഴിഞ്ഞു കൂടി. മെസ്സുകളിൽ ചുരുങ്ങിയ വേതനത്തിൽ ജോലിചെയ്ത്​ ദിവസങ്ങളും മാസങ്ങളും തള്ളി നീക്കി. സ്​പോൺസറെ തേടി പലവഴി ​അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വീട്ടിലേക്ക്​ വിളിക്കുമ്പോൾ, മകനെ കാണണമെന്ന അമ്മയുടെ സങ്കടപ്പാടുകൾ. നാട്ടിലേക്ക്​ പോകാൻ പലശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ, 2016 നവംബറിൽ അമ്മ ഭാർഗവി മരണപ്പെട്ടു. ഒരു നോക്കുകാണണമെന്ന അമ്മയുടെ ആഗ്രഹം നടപ്പാവാത്തതി​ന്‍റെ ദുഃഖം കൂടിയായതോടെ പിന്നീട്​ നാട്ടിലേക്ക്​ പോകാൻ പോലുമുള്ള മനസ്സുണ്ടായില്ലെന്ന്​ പ്രസാദ്​ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറയുന്നു. ഇതിനിടയിൽ ഒരുപാടുപേരാൽ ചതിക്കപ്പെട്ടു. മംഗലാപുരം സ്വദേശിയായ ഒരു ഷെട്ടിയുടെ മെസ്സിൽ ജോലിചെയ്ത കാലത്ത്​ ഒന്നരവർഷത്തിലേറെ കാലത്തെ ശമ്പളം പോലും നൽകിയില്ല.

സുഹൃത്തുക്കളായി നടിച്ച്​ ഒപ്പം ​കൂടിയ പലരും പണം കടംവാങ്ങി മുങ്ങി. അല്ലാതെ മറ്റു ചിലർ ജോലിചെയ്യിച്ചതല്ലാതെ കൂലിയൊന്നും നൽകിയില്ല. വിസയും രേഖകളുമൊന്നുമില്ലാത്തതിനാൽ നിയമനടപടികൾ​ക്കോ, പുറത്തിറങ്ങി പരാതിപ്പെടാനോ പ്രസാദ്​ ശ്രമി​ക്കില്ലെന്ന ധൈര്യത്തിലായിരുന്നു മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രസാദി​ന്‍റെ ശുദ്ധമനസ്സിനെ പറ്റിച്ചുകൊണ്ടിരുന്നത്​. അങ്ങനെ, ഒളിച്ചും പതുങ്ങിയുമുള്ള ജീവിതം ഇവിടെ തന്നെ തീരട്ടെ എന്ന തീരുമാനത്തിനിടയിലായിരുന്നു പ്രതീക്ഷയുടെ വെള്ളിവെളിച്ചം പോലെ ഖത്തർ സർക്കാറി​ന്‍റെ പൊതുമാപ്പ്​ വരുന്നത്​.

മരുഭൂയിൽ മരുപ്പച്ചയായ നല്ലമനുഷ്യർ

ഒരുപാട്​ പേരാൽ ചതിക്കപ്പെട്ട്​, ജീവിതം തന്നെ വരണ്ടുപോയ പ്രസാദിലേക്ക്​ മരുഭൂമിയിലെ മരുപ്പച്ചപോലെയാണ്​ ഖത്തറിലെ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ എത്തുന്നത്​. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 'ഗ്രേസ്​ പീരിയഡ്​'കാലയളവ്​ ഏറെ പിന്നിട്ട ശേഷം കഴിഞ്ഞ നംവബറിലായിരുന്നു പ്രസാദ്​ അറിയുന്നത്​. പക്ഷേ, ഇന്ത്യൻ പൗരൻ എന്ന്​ തെളിയിക്കാൻ ഒരു പേപ്പർ കഷണം പോലുമില്ലാത്ത തന്നെ ആര്​ സഹായിക്കും എന്നത്​ വെല്ലുവിളിയായി. ഡ്രൈവർ ജോലിക്കിടെ സൗഹൃദം കൂടി, അഭയം നൽകിയ സുഹൃത്ത്​ മലപ്പുറം സ്വദേശി ദിനേശനാണ്​ ആദ്യ വഴി തുറന്നു നൽകിയത്​. ഖത്തറിലെ ജീവകാരുണ്യ രംഗത്ത്​ സജീവമായി ഇടപെടുന്ന കൾച്ചറൽ ഫോറം പ്രവർത്തകരുമായി ബന്ധപ്പെട്ടതോടെ കാര്യങ്ങൾ ശരിയായി വഴിയിലേക്ക്​ നീങ്ങിത്തുടങ്ങി. കൾച്ചറൽ ഫോറം വൈസ്​ പ്രസിഡന്‍റ്​ മുഹമ്മദ്​ കുഞ്ഞിയും, സംസ്​ഥാന സെക്രട്ടറി ഷരീഫ്​ ചിറക്കലും സജീവമായി ഇടപെട്ടു. പ്രസാദ്​ ഇന്ത്യൻ പൗരനാണെന്ന്​ തെളിയിക്കലായിരുന്നു ഇവർക്കുമുന്നിലെ ആദ്യ വെല്ലുവിളി. നാട്ടിൽ നിന്നും റേഷൻ കാർഡും, പഴയ സ്കൂൾ സർട്ടിഫിക്കറ്റും എത്തിച്ച്​, ഇന്ത്യൻ എംബസിയെ സമീപിച്ച്​ എമർജൻസി പാസ്​പോർട്ട്​ തയാറാക്കാനായി ശ്രമം. നാട്ടിലെ പൊലീസ്​ വെരിഫിക്കേഷൻ കൂടി പൂർത്തിയാക്കി, ഏതാനും ആഴ്ചകൾ കൊണ്ട്​ 'വൈറ്റ്​ പാസ്​പോർട്ട്​'സ്വന്തമാക്കി. പിന്നാലെ, ആഭ്യന്തര മന്ത്രാലയത്തി​ന്‍റെ സർച്ച്​ ആൻഡ്​ ഫോളോഅപ്പ്​ വിഭാഗത്തിലെത്തി ​ഗ്രേസ്​ പീരിയഡ്​ കാലാവധി ഉപയോഗപ്പെടുത്തി എല്ലാം നിയമാനുസൃതമാക്കി. കേസുകളോ​, പരാതികളോ ഒന്നുമില്ലാത്തതിനാൽ നടപടി ക്രമങ്ങൾ ലളിതമായിരുന്നുവെന്ന്​ മുഹമ്മദ്​ കുഞ്ഞി പറയുന്നു. പിഴത്തുകപോലും ഒഴിവാക്കി ആഭ്യന്തര മന്ത്രാലയവും പ്രസാദിനോട്​ കനിഞ്ഞു.

ഇനി നാട്ടിൽ; പിന്നെയെന്ത്​?

22 വർഷത്തിനു ശേഷം, വെറും കൈയോടെ നാട്ടിലേക്ക്​ മടങ്ങുകയാണ്​ പ്രസാദ്​. സ്​നേഹം വാരിക്കോരി നൽകാൻ എരണേടത്ത്​ വീടി​ന്‍റെ ഉമ്മറപ്പടിയിൽ അമ്മ ഭാർഗവിയില്ല. എന്നാൽ, കാത്തിരിക്കുന്ന നാല്​ സഹോദരങ്ങളും രണ്ട്​ സഹോദരിമാരും അവരുടെ കുടുംബാംഗങ്ങളുമുണ്ട്​. അവർക്കായി തിരികെ നൽകാൻ 32 വർഷം മരുഭൂമിയിൽ ​ജീവിതം ചെലവഴിച്ച ഈ പ്രവാസിയിൽ ഒന്നുമില്ല.

നാട്ടിലെത്തിയ ശേഷം ഇനിയെന്ത്​ എന്ന ചോദ്യത്തിന്​ പക്ഷേ, പ്രസാദിന്​ വ്യക്​തമായൊരു ഉത്തരമൊന്നുമില്ല. തന്നെ പറ്റിച്ച്​, പണവുമായി പോയ പലരും പലയിടങ്ങളിലായുണ്ട്​. മൂന്നു പതിറ്റാണ്ട്​ പിന്നിട്ട പ്രവാസത്തിനൊടുവിൽ, ക്ഷയിച്ച ശരീരവും, തളർന്ന മനസ്സുമായി 54കാരൻ കീശകാലിയായ പ്രവാസിയായി മടങ്ങുമ്പോൾ, ത​ന്‍റെ വിയർപ്പി​ന്‍റെ കൂലിയെങ്കിലും അവർ തിരിച്ചുതരുമോ എന്ന പ്രതീക്ഷയിലാണ്​ പ്രസാദ്​.

Tags:    
News Summary - Prasad's new birth to a motherless home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.