അമ്മയില്ലാത്ത വീട്ടിലേക്ക് പ്രസാദിന്റെ പുതുജന്മം
text_fieldsദോഹ: ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന പുലരിയിൽ തൃശൂർ സ്വദേശിയായ പ്രസാദ് കൊച്ചി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങും. നീണ്ട 22 വർഷത്തിനു ശേഷം പിറന്ന മണ്ണിന്റെ സ്നേഹത്തിലേക്ക് വീണ്ടും മടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഖത്തർ പ്രവാസിയായ തളിക്കുളം എരണേടത്ത് വീട്ടിൽ ഇ.പി.വി പ്രസാദ്. പ്രവാസത്തിന്റെ ദുരിതവും ചതിക്കുഴികളും താണ്ടിയ ദുർഘടമായ ജീവിതത്തിനൊടുവിൽ, സുമനസ്സുകളായ ഒരുകൂട്ടം മനുഷ്യരുടെ നന്മയുടെ കൂടി ഫലമാണ് മരുഭൂ മണ്ണിൽ നിന്നും പിറന്നമണ്ണിന്റെ പച്ചപ്പിലേക്ക് പ്രസാദിന്റെ മടക്കം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, എല്ലാ അവസാനിച്ചുവെന്ന് ഉറപ്പിച്ചതിൽ നിന്നും പുതിയൊരു ജീവിതത്തിലേക്കുള്ള പിറവി.
ജീവിത സ്വപ്നങ്ങൾക്ക് നിറം പകരാനായി സഹോദരൻ നൽകിയ വിസയിൽ ഖത്തറിലേക്ക് പറക്കുമ്പോൾ 23 വയസ്സായിരുന്നു പ്രസാദിന്റെ പ്രായം. 1991ൽ ഖത്തറിലെത്തി സൗദിക്കാരനായ അറബിയുടെ സ്പോൺസർഷിപ്പിൽ പ്രവാസത്തിന് തുടക്കമായി. എല്ലാ മാസവും നിശ്ചിത തുക സ്പോൺസർക്ക് നൽകി, തരക്കേടില്ലാതെ മുന്നോട്ടു പോയ കാലങ്ങൾ. ലൈസൻസ് സ്വന്തമാക്കി ഡ്രൈവർ ജോലിയിൽ ഖത്തറിന്റെ എല്ലാ കോണുകളിലേക്കും പാഞ്ഞു. നാലും ആറും വർഷങ്ങളുടെ ഇടവേളയിലായി പത്തു വർഷത്തിനുള്ളിൽ രണ്ടു തവണ നാട്ടിലെത്തി അമ്മയെയും സഹോദരങ്ങളെയും കണ്ടു മടങ്ങി. 2000ത്തിലായിരുന്നു അവസാനമായി നാട്ടിലെത്തി മടങ്ങിയത്. പലകാരണങ്ങളാൽ നാട്ടിലേക്കുള്ള യാത്ര വൈകി. 2010ൽ വീണ്ടും വിസ പുതുക്കാനായി സ്പോൺസറെ തേടിയെത്തിയപ്പോഴാണ് അദ്ദേഹം ഖത്തർ വിട്ടതായി വിവരം ലഭിച്ചത്. പാസ്പോർട്ടും, ലൈസൻസും ഉൾപ്പെടെ രേഖകളെല്ലാം അദ്ദേഹത്തിന്റെ കൈവശമായിരുന്നു. വിസ കാലാവധി കഴിഞ്ഞു, ലൈസൻസ് നഷ്ടമായതോടെ ജോലിചെയ്യാനും പറ്റാത്ത അവസ്ഥ, ഖത്തറിലെ താമസം തന്നെ നിയമലംഘനമായി മാറി. പിന്നീടുള്ള ജീവിതം ഒളിവുകാലംപോലെയായി മാറിയെന്ന് പ്രസാദ് പറയുന്നു. പല സുഹൃത്തുക്കളുടെയും കാരുണ്യത്തിൽ കഴിഞ്ഞു കൂടി. മെസ്സുകളിൽ ചുരുങ്ങിയ വേതനത്തിൽ ജോലിചെയ്ത് ദിവസങ്ങളും മാസങ്ങളും തള്ളി നീക്കി. സ്പോൺസറെ തേടി പലവഴി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വീട്ടിലേക്ക് വിളിക്കുമ്പോൾ, മകനെ കാണണമെന്ന അമ്മയുടെ സങ്കടപ്പാടുകൾ. നാട്ടിലേക്ക് പോകാൻ പലശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ, 2016 നവംബറിൽ അമ്മ ഭാർഗവി മരണപ്പെട്ടു. ഒരു നോക്കുകാണണമെന്ന അമ്മയുടെ ആഗ്രഹം നടപ്പാവാത്തതിന്റെ ദുഃഖം കൂടിയായതോടെ പിന്നീട് നാട്ടിലേക്ക് പോകാൻ പോലുമുള്ള മനസ്സുണ്ടായില്ലെന്ന് പ്രസാദ് 'ഗൾഫ് മാധ്യമ'ത്തോട് പറയുന്നു. ഇതിനിടയിൽ ഒരുപാടുപേരാൽ ചതിക്കപ്പെട്ടു. മംഗലാപുരം സ്വദേശിയായ ഒരു ഷെട്ടിയുടെ മെസ്സിൽ ജോലിചെയ്ത കാലത്ത് ഒന്നരവർഷത്തിലേറെ കാലത്തെ ശമ്പളം പോലും നൽകിയില്ല.
സുഹൃത്തുക്കളായി നടിച്ച് ഒപ്പം കൂടിയ പലരും പണം കടംവാങ്ങി മുങ്ങി. അല്ലാതെ മറ്റു ചിലർ ജോലിചെയ്യിച്ചതല്ലാതെ കൂലിയൊന്നും നൽകിയില്ല. വിസയും രേഖകളുമൊന്നുമില്ലാത്തതിനാൽ നിയമനടപടികൾക്കോ, പുറത്തിറങ്ങി പരാതിപ്പെടാനോ പ്രസാദ് ശ്രമിക്കില്ലെന്ന ധൈര്യത്തിലായിരുന്നു മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രസാദിന്റെ ശുദ്ധമനസ്സിനെ പറ്റിച്ചുകൊണ്ടിരുന്നത്. അങ്ങനെ, ഒളിച്ചും പതുങ്ങിയുമുള്ള ജീവിതം ഇവിടെ തന്നെ തീരട്ടെ എന്ന തീരുമാനത്തിനിടയിലായിരുന്നു പ്രതീക്ഷയുടെ വെള്ളിവെളിച്ചം പോലെ ഖത്തർ സർക്കാറിന്റെ പൊതുമാപ്പ് വരുന്നത്.
മരുഭൂയിൽ മരുപ്പച്ചയായ നല്ലമനുഷ്യർ
ഒരുപാട് പേരാൽ ചതിക്കപ്പെട്ട്, ജീവിതം തന്നെ വരണ്ടുപോയ പ്രസാദിലേക്ക് മരുഭൂമിയിലെ മരുപ്പച്ചപോലെയാണ് ഖത്തറിലെ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ എത്തുന്നത്. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 'ഗ്രേസ് പീരിയഡ്'കാലയളവ് ഏറെ പിന്നിട്ട ശേഷം കഴിഞ്ഞ നംവബറിലായിരുന്നു പ്രസാദ് അറിയുന്നത്. പക്ഷേ, ഇന്ത്യൻ പൗരൻ എന്ന് തെളിയിക്കാൻ ഒരു പേപ്പർ കഷണം പോലുമില്ലാത്ത തന്നെ ആര് സഹായിക്കും എന്നത് വെല്ലുവിളിയായി. ഡ്രൈവർ ജോലിക്കിടെ സൗഹൃദം കൂടി, അഭയം നൽകിയ സുഹൃത്ത് മലപ്പുറം സ്വദേശി ദിനേശനാണ് ആദ്യ വഴി തുറന്നു നൽകിയത്. ഖത്തറിലെ ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെടുന്ന കൾച്ചറൽ ഫോറം പ്രവർത്തകരുമായി ബന്ധപ്പെട്ടതോടെ കാര്യങ്ങൾ ശരിയായി വഴിയിലേക്ക് നീങ്ങിത്തുടങ്ങി. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞിയും, സംസ്ഥാന സെക്രട്ടറി ഷരീഫ് ചിറക്കലും സജീവമായി ഇടപെട്ടു. പ്രസാദ് ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കലായിരുന്നു ഇവർക്കുമുന്നിലെ ആദ്യ വെല്ലുവിളി. നാട്ടിൽ നിന്നും റേഷൻ കാർഡും, പഴയ സ്കൂൾ സർട്ടിഫിക്കറ്റും എത്തിച്ച്, ഇന്ത്യൻ എംബസിയെ സമീപിച്ച് എമർജൻസി പാസ്പോർട്ട് തയാറാക്കാനായി ശ്രമം. നാട്ടിലെ പൊലീസ് വെരിഫിക്കേഷൻ കൂടി പൂർത്തിയാക്കി, ഏതാനും ആഴ്ചകൾ കൊണ്ട് 'വൈറ്റ് പാസ്പോർട്ട്'സ്വന്തമാക്കി. പിന്നാലെ, ആഭ്യന്തര മന്ത്രാലയത്തിന്റെ സർച്ച് ആൻഡ് ഫോളോഅപ്പ് വിഭാഗത്തിലെത്തി ഗ്രേസ് പീരിയഡ് കാലാവധി ഉപയോഗപ്പെടുത്തി എല്ലാം നിയമാനുസൃതമാക്കി. കേസുകളോ, പരാതികളോ ഒന്നുമില്ലാത്തതിനാൽ നടപടി ക്രമങ്ങൾ ലളിതമായിരുന്നുവെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. പിഴത്തുകപോലും ഒഴിവാക്കി ആഭ്യന്തര മന്ത്രാലയവും പ്രസാദിനോട് കനിഞ്ഞു.
ഇനി നാട്ടിൽ; പിന്നെയെന്ത്?
22 വർഷത്തിനു ശേഷം, വെറും കൈയോടെ നാട്ടിലേക്ക് മടങ്ങുകയാണ് പ്രസാദ്. സ്നേഹം വാരിക്കോരി നൽകാൻ എരണേടത്ത് വീടിന്റെ ഉമ്മറപ്പടിയിൽ അമ്മ ഭാർഗവിയില്ല. എന്നാൽ, കാത്തിരിക്കുന്ന നാല് സഹോദരങ്ങളും രണ്ട് സഹോദരിമാരും അവരുടെ കുടുംബാംഗങ്ങളുമുണ്ട്. അവർക്കായി തിരികെ നൽകാൻ 32 വർഷം മരുഭൂമിയിൽ ജീവിതം ചെലവഴിച്ച ഈ പ്രവാസിയിൽ ഒന്നുമില്ല.
നാട്ടിലെത്തിയ ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് പക്ഷേ, പ്രസാദിന് വ്യക്തമായൊരു ഉത്തരമൊന്നുമില്ല. തന്നെ പറ്റിച്ച്, പണവുമായി പോയ പലരും പലയിടങ്ങളിലായുണ്ട്. മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിനൊടുവിൽ, ക്ഷയിച്ച ശരീരവും, തളർന്ന മനസ്സുമായി 54കാരൻ കീശകാലിയായ പ്രവാസിയായി മടങ്ങുമ്പോൾ, തന്റെ വിയർപ്പിന്റെ കൂലിയെങ്കിലും അവർ തിരിച്ചുതരുമോ എന്ന പ്രതീക്ഷയിലാണ് പ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.