ദോഹ: അറബ് മേഖലയോടും ഗൾഫ് രാജ്യത്തോടുമുള്ള ലോകത്തിന്റെ മുൻവിധികൾ മാറ്റാൻ ഈ ലോകകപ്പ് അവസരമൊരുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. സൗദിയിലെ റിയാദിൽ നടന്ന നിക്ഷേപക സംഗമത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു ഫിഫ അധ്യക്ഷൻ. ഗള്‍ഫ് മേഖലയോടും ഖത്തറിനോടും നിലനില്‍ക്കുന്ന മുന്‍വിധികള്‍ തിരുത്താനുള്ള സുവര്‍ണാവസരമാണ് ഈ ലോകകപ്പെന്ന് ഇന്‍ഫന്റിനോ പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ ചിലരുടെ മുന്‍വിധികള്‍ ഇനിയും മാറിയിട്ടില്ല. എന്നാല്‍, വളരെ വ്യക്തമായ മാറ്റങ്ങള്‍ ഖത്തറില്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് തൊഴിലാളികളുടെ ക്ഷേമത്തിന്റെ കാര്യത്തില്‍.
വളരെ കുറഞ്ഞ സമയത്തിനിടയിലാണ് ഈ വലിയ മാറ്റങ്ങള്‍ സാധ്യമായത്. മേഖലയില്‍ ആദ്യമായി മിനിമം വേതനം നടപ്പാക്കിയത് ഖത്തറിലാണെന്നും ഇന്‍ഫന്റിനോ പറഞ്ഞു. നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്ബാൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദശലക്ഷം ആരാധകർക്ക് പുതിയൊരു രാജ്യവും സംസ്കാരവും അറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് മാച്ച് ടിക്കറ്റിനായി 2.30 കോടി പേർ അപേക്ഷിച്ചതായും 30 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും ഇൻഫന്റിനോ വിശദീകരിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടിക്കറ്റ് അപേക്ഷയാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.
''ഫുട്ബാൾ ഏതാനും പേരുടെ മാത്രം കായിക വിനോദമല്ല. ലോകത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ട സ്പോർട്സ് കൂടിയാണ് ഫുട്ബാൾ. എല്ലായിടത്തേക്കും ഫുട്ബാളിനെ വളർത്തുകയാണ് ലക്ഷ്യം'' -ഇൻഫന്റിനോ പറഞ്ഞു.
സൗദിയിൽ വനിത ഫുട്ബാളിന് ലഭിക്കുന്ന സ്വീകാര്യതയെയും അദ്ദേഹം അഭിനന്ദിച്ചു. 2030ല്‍ ലോകകപ്പ് ഫുട്ബാളിന് ആതിഥേയരാകാന്‍ ശ്രമിക്കുന്ന രാജ്യമാണ് സൗദി. ഗ്രീസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് ഇവർ ആതിഥേയത്വത്തിന് ശ്രമം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.