ദോഹ: മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രീകിന്റർഗാർട്ടൻ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ പുതിയ അധ്യയന വർഷത്തിലേക്ക് 128 കുട്ടികൾക്ക് പ്രവേശനം നൽകി.
മൂന്നു വയസ്സ് മുതൽ കുട്ടികൾക്കാവശ്യമായ പരിചരണം നൽകുന്നതിനും പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാകാൻ സജ്ജമാക്കുന്നതിനുമായി നാല് പൊതു കിന്റർഗാർട്ടനുകളിലാണ് ആഗസ്റ്റിൽ പ്രവേശനം നൽകിയത്. പ്രത്യേക പരിപാടികളിലൂടെയും സൗകര്യങ്ങളിലൂടെയും കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാനുള്ള അവസരം നൽകുന്നതിൽ പ്രീകിന്റർഗാർട്ടന്റെ പ്രാധാന്യം തിരിച്ചറിയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട വിഡിയോ ദൃശ്യത്തിൽ പ്രാരംഭ വിദ്യാഭ്യാസ വകുപ്പ് മേധാവി ദബ്യാ അൽ ഖുലൈഫി പറഞ്ഞു.
സമഗ്രമായ പഠനങ്ങൾക്ക് ശേഷമാണ് മൂന്ന് വയസ്സുള്ള കുട്ടികൾക്കായി പ്രീകിന്റർഗാർട്ടൻ തലം ചേർക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതെന്നും പരീക്ഷണാടിസ്ഥാനത്തിൽ പുതിയ അധ്യയന വർഷം, ഈ വർഷം ആഗസ്റ്റിൽ ആരംഭിക്കുമെന്നും നേരത്തേ ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി മഹാ അൽ റുവൈലി പറഞ്ഞിരുന്നു.
ചെറുപ്രായത്തിൽതന്നെ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നതായും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികളെ പ്രചോദിപ്പിക്കുന്നതിൽ ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും അവർ പറഞ്ഞിരുന്നു.
അൽറയ്യാനിലെ അൽമനാർ മോഡൽ കിന്റർഗാർട്ടൻ ഫോർ ബോയ്സ്, ദോഹ മുനിസിപ്പാലിറ്റിയിലെ അബൂഹനീഫ കിന്റർഗാർട്ടൻ ഫോർ ബോയ്സ്, കിന്റർഗാർട്ടൻ സിക്രീത്ത് ഇൻഡിപെൻഡന്റ് പ്രൈമറി ഗേൾസ്, അൽഖവാരിസ്മി കിന്റർഗാർട്ടൻ ഫോർ ഗേൾസ് എന്നിവയാണ് പ്രഥമ ഘട്ടത്തിൽ പ്രീകിന്റർഗാർട്ടൻ തലത്തിനായി തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ. ഓരോ കിന്റർഗാർട്ടനിലും രണ്ട് ക്ലാസുകൾ വീതമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.