യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ പ്രത്യേക പ്രതിനിധി ബെക്തും റുസ്തം, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തുന്നു

അമീറിനെ കണ്ട് യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ പ്രതിനിധി

ദോഹ: യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ പ്രസിഡന്‍റിന്‍റെ പ്രത്യേക പ്രതിനിധി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുടെ ദൂതൻ ബെക്തും റോസ്തം ആണ് വ്യാഴാഴ്ച രാവിലെ അൽ ബഹർ പാലസിൽ അമീറിനെ കണ്ടത്. ചർച്ചയിൽ ബെക്തും റോസ്തം യുക്രെയ്നിലെ സ്ഥിതിഗതികൾ അമീറിനെ ബോധിപ്പിച്ചു. നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം ഒഴിവാക്കി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്‍റെ സാധ്യതകൾ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ചർച്ചക്കു മുന്നോടിയായി യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി കഴിഞ്ഞദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിലും ചർച്ചകളിലൂടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഖത്തർ നിർദേശിച്ചു. റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം അമീറും യുക്രെയ്ൻ പ്രസിഡന്‍റും തമ്മിലെ മൂന്നാമത്തെ ഫോൺ സംഭാഷണമാണിത്.

ആദ്യ ആക്രമണം നടന്ന ഫെബ്രുവരി 24നു പിന്നാലെ മാർച്ച് രണ്ടിനും ഇരു രാഷ്ട്രനേതാക്കളും സംസാരിച്ചിരുന്നു. അതിനിടെ, ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ജർമൻ വിദേശകാര്യമന്ത്രി അന്നലെന ബെർബോകുമായി ബെർലിനിൽ നടന്ന ചർച്ചയിലും യുക്രെയ്ൻ വിഷയം ചർച്ച ചെയ്തു.

യുക്രെയ്നിയൻ ജനതക്ക് ഖത്തറിന്‍റെ പിന്തുണയും മാനുഷിക കരുതലുമുണ്ടാവുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ അംബാസഡർ അൻഡ്രിൽ കുസ്മെങ്കോയുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയിൽ റഷ്യൻ അധിനിവേശത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെയും ഖത്തർ പിന്തുണച്ചിരുന്നു. ഫെബ്രുവരി 24ന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 37 കുട്ടികൾ ഉൾപ്പെടെ 516 പേർ കൊല്ലപ്പെട്ടതായാണ് യു.എന്നിന്‍റെ റിപ്പോർട്ട്. 1400ൽ ഏറെ സിവിലിയൻമാർക്ക് പരിക്കേറ്റിട്ടുമുണ്ട്. 

Tags:    
News Summary - President of Ukraine meets Representative Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.