ദോഹ: കോവിഡ്-19നെ തടയുന്നതിൽ കുത്തിവെപ്പും സ്വയംപ്രതിരോധശേഷി കൈവരലുമാണ് കൂടുതൽ ഫലപ്രദമെന്ന് പഠനം. ഖത്തർ ആരോഗ്യ മേഖലയിൽ നിന്നുള്ളവരും ഗവേഷക സ്ഥാപനങ്ങളും നടത്തിയ പഠനത്തിലാണ് നേരത്തെയുള്ള പഠനറിപ്പോർട്ടുകളെ പിന്താങ്ങിക്കൊണ്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. കോവിഡ് ബാധിച്ചയാൾക്ക് രോഗമുക്തി നേടിയതിന് ശേഷമാണ് പിന്നീട് സ്വയംപ്രതിരോധശേഷി കൈവരുക. ഇതിനാലാണ് ഖത്തർ അടക്കം പല രാജ്യങ്ങളും കോവിഡ് മുക്തരായവർക്കും വാക്സിൻ എടുത്തവർക്കുമുള്ള ഇളവുകൾ നൽകുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, വെയിൽ കോർണെൽ മെഡിസിൻ ഖത്തർ, ഖത്തർ യൂനിവേഴ്സിറ്റി തുടങ്ങിയവയിൽ നിന്നുള്ള ഗവേഷകരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ഇതിെൻറ റിപ്പോർട്ട് അമേരിക്കൻ മെഡിക്കൽ അസോസിയേഷെൻറ മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്.
ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന താമസക്കാർക്കുള്ള പി.സി.ആർ ടെസ്റ്റ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിൽ ഫൈസർ-ബയോൻടെക് വാക്സിനോ മോഡേണ വാക്സിനോ സ്വീകരിച്ചവർ, അതുപോലെ തന്നെ രോഗമുക്തി നേടി നിശ്ചിത കാലയളവ് പൂർത്തീകരിച്ചവർ എന്നിവർ മറ്റ് യാത്രക്കാരിൽ നിന്ന് വ്യത്യസ്തമായി കോവിഡിനെ തടയുന്നതായി തെളിഞ്ഞു. ഇവർ ഇരുകൂട്ടരും രോഗത്തെ ഫലപ്രദമായി തടയുന്നുവെന്നാണ് പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുതിർന്ന ഉപദേഷ്ടാവ് ഡോ. റോബെർട്ടോ ബെർട്ടോലിനി പറഞ്ഞു.
നേരത്തെ വെയിൽ കോർണൽ മെഡിസിനിലെ പകർച്ചവ്യാധി വിഭാഗം പ്രഫസർ ഡോ. ലെയ്ഥ് അബു റദ്ദാദ് പുറത്തുവിട്ട പഠനത്തെ ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. പൂർണമായും വാക്സിൻ സ്വീകരിച്ചവർ കോവിഡിെൻറ ബ്രിട്ടീഷ് വകഭേദത്തെ 89.5 ശതമാനം തടയുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ വകഭേദത്തെ 75 ശതമാനവും ഇവർ തടയുന്നു. വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. വാക്സിൻ സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിച്ചവരിൽതന്നെ രോഗത്തിെൻറ ലക്ഷണങ്ങളും തീവ്രതയും വളരെ ദുർബലവുമായിരുന്നു.
വാക്സിൻ സ്വീകരിച്ചവരും സ്വയംപ്രതിരോധശേഷി കൈവരിച്ചവരും കോവിഡ് വാഹകരാകാം. എന്നാൽ, ഇവരിൽ കൂടുതലും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരായിരിക്കും. ഇതിനാൽ തന്നെ ഖത്തറിലെത്തുന്നവർ പി.സി.ആർ ടെസ്റ്റിന് വിധേയമാകണമെന്ന രാജ്യത്തിെൻറ ആരോഗ്യ നയത്തെ പിന്തുണക്കുന്നതാണ് വിവിധ പഠനങ്ങളിലൂടെ തെളിയുന്നതെന്ന് കോവിഡ് ദേശീയ പദ്ധതി, ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.
ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളിൽനിന്ന് ഒഴികെ കോവിഡ് രോഗം മാറി ആറുമാസത്തിനുള്ളിൽ ഖത്തറിലേക്ക് വരുന്നവർക്ക് നിലവിൽ ക്വാറൻറീൻ വേണ്ട. രോഗം മാറിയവർ രോഗം സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ വേണ്ട. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടാകരുത്. കോവിഡ് രോഗം മാറി എന്ന് തെളിയിക്കുന്ന ലബോറട്ടറി പരിശോധനഫലം ഉണ്ടാകണം. രോഗിയായപ്പോൾ ഉള്ള സമ്പർക്കവിലക്കിന് ശേഷമുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കണം. ആദ്യ കോവിഡ് പോസിറ്റിവ് പരിശോധന കഴിഞ്ഞുള്ള ആറുമാസത്തിനുള്ളിൽ ഖത്തറിൽ എത്തിയവർക്കാണ് ഇത്തരത്തിൽ ക്വാറൻറീൻ ഇളവ് ലഭിക്കുക.
ഇവർക്ക് ഖത്തറിൽ എത്തുേമ്പാൾ കോവിഡ് നെഗറ്റിവ് സാക്ഷ്യപത്രം ഉണ്ടാകണം. അവരവരുടെ ഖത്തറിലെ ഹെൽത്ത്സെൻററുകളിൽ നിന്ന് രോഗലക്ഷണങ്ങൾ മുൻകൂട്ടി അറിയാനുള്ള കിറ്റ് ഇവർക്ക് കൈപ്പറ്റാം. എന്നാൽ, ഇത്തരത്തിൽ കോവിഡ് മുക്തർ ഖത്തറിൽ എത്തുകയും ക്വാറൻറീനിൽ ഇളവുനേടുകയും ചെയ്ത് 14 ദിവസത്തിനുള്ളിൽ കോവിഡ് സംശയിക്കുന്നവരുമായി സമ്പർക്കം ഉണ്ടായാൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. ഈ സാഹചര്യത്തിൽ ഇയാളെ സാധാരണപോലെ കോവിഡ് സംശയിക്കപ്പെടുന്നയാളായാണ് പരിഗണിക്കുക.
കോവിഡ് പി.സി.ആർ പരിശോധനയും വേണ്ടിവരും. ഇതിൽ നെഗറ്റിവ് ആവുകയും മറ്റ് രോഗലക്ഷണങ്ങൾ കാണിക്കുന്നിെല്ലങ്കിലും അയാൾക്ക് കോവിഡ് പരിശോധന നിർദേശിക്കപ്പെടാം. ഇത്തരത്തിലുള്ള നടപടികൾ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനങ്ങളുെടയും വിവരങ്ങളുെടയും അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നതെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ഡയറക്ടർ ജനറൽ ഡോ. മറിയം അബ്ദുൽ മലിക് പറയുന്നു. ഇന്ത്യയടക്കമുള്ള രാജ്യക്കാർക്ക് ഏത് സാഹചര്യത്തിലായാലും പത്ത് ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.