ദോഹ: ജി.സി.സി സുപ്രീം കൗൺസിൽ ഉപദേശക സമിതിയുടെ 27ാമത് സെഷന് ദോഹയിൽ തുടക്കം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി യോഗം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പങ്കെടുത്തു. ഊർജ സുരക്ഷാ പ്രശ്നങ്ങൾ പഠിക്കുന്നതിൽ ജി.സി.സി രാജ്യങ്ങളിലെ നേതാക്കളുടെ നിർദേശം നടപ്പിലാക്കുന്നതിനുള്ള ഉപദേശക സമിതിയുടെ ചുമതലകളെ പിന്തുണക്കാൻ ഖത്തർ ഭരണകൂടം മുന്നിലുണ്ടാകുമെന്ന് സെഷന് മുമ്പുള്ള യോഗത്തിൽ ശൈഖ് മുഹമ്മദ് പറഞ്ഞു.
1997ലെ 18ാമത് സെഷനിൽ സുപ്രീം കൗൺസിൽ തീരുമാനമനുസരിച്ച് ഉപദേശക സമിതി സ്ഥാപിതമായതുമുതൽ വിവിധ കാഴ്ചപ്പാടുകളും പഠനങ്ങളും കൊണ്ട് വരാനുള്ള ശ്ലാഘനീയ ശ്രമങ്ങളിലൂടെ സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ സമിതിയുടെ പങ്ക് അദ്ദേഹം സംസാരത്തിനിടെ ചൂണ്ടിക്കാട്ടി.
സാമ്പത്തിക, വ്യാവസായിക, പാരിസ്ഥിതിക, സാമൂഹിക സഹകരണ മേഖലകളെയാണ് ഉപദേശക സമിതിയുടെ പ്രധാന ശിപാർശകൾ പിന്തുണക്കുന്നതെന്നും, ഇത് ജി.സി.സി രാജ്യങ്ങളുടെയും അതിന്റെ സ്ഥാപനങ്ങളുടെയും നേട്ടങ്ങൾ വർധിക്കാൻ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സുപ്രീം കൗൺസിൽ ഉപദേശക സമിതിയുടെ 27ാമത് സെഷൻ വിജയിപ്പിക്കുന്നതിൽ ജി.സി.സി സെക്രട്ടറി ജനറലിനും സുപ്രീം കൗൺസിൽ ഉപദേശക സമിതി ബോർഡ് അംഗങ്ങൾക്കും അതിന്റെ ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും നന്ദിയും ആശംസകളും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.