ദോഹ: തൊഴിൽ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണ ശ്രമങ്ങളുടെ ഭാഗമായി പോയവർഷം സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ച സ്വദേശി പൗരന്മാരുടെ എണ്ണം 2000ത്തിലേറെയെന്ന് റിപ്പോർട്ട്. സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്ന ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതികളുടെ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്. വനിതകളുൾപ്പെടെ 2092 പേരെ സ്വകാര്യ മേഖലയിൽ വിവിധ തൊഴിലുകളിൽ നിയമിക്കപ്പെട്ടതായി തൊഴിൽ മന്ത്രാലയത്തിലെ പരിശീലന, നൈപുണ്യ വികസന മേധാവി മുഹമ്മദ് അൽ ഖുലൈഫി അറിയിച്ചു.
ഖത്തരികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നൽകുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയുമായി മന്ത്രാലയം ചർച്ചകൾ തുടരുകയാണെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഖുലൈഫി പറഞ്ഞു.
പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും അവർക്ക് അനുയോജ്യമായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിനുമായി സിവിൽ സർവിസ്, ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോയുമായി ഏകോപിപ്പിച്ച് തൊഴിൽ മന്ത്രാലയം നടത്തുന്ന നിരന്തര ശ്രമങ്ങളെയാണ് സ്വകാര്യ മേഖലയിലെ പൗരന്മാരുടെ നിയമനങ്ങളിലെ വർധന പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
2023 രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിലെ ഖത്തർ പൗരന്മാരുടെ നിയമനം 150 ശതമാനം ഉയർന്നു. മൂന്നാം പാദത്തിൽ 302 പുരുഷന്മാരും 232 സ്ത്രീകളുമുൾപ്പെടെ 534 പൗരന്മാരാണ് സ്വകാര്യ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്.
അതേസമയം, സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയും ശൂറ കൗൺസിലിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.
സ്വകാര്യ മേഖലയിലെ തസ്തികകൾ നികത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സർവകലാശാല പഠനം പൂർത്തിയാക്കാൻ പൗരന്മാരെ വിദേശത്തേക്ക് അയക്കുന്നതുൾപ്പെടെയുള്ള പ്രോത്സാഹനവും സൗകര്യവും ആനുകൂല്യങ്ങളും നൽകാൻ തൊഴിൽ മന്ത്രാലയത്തിന് കരട് നിയമം അധികാരം നൽകിയിട്ടുണ്ടെന്ന് നിയമത്തെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് മേധാവി മുഹമ്മദ് അൽ യാഫിഈ പറഞ്ഞു.
സ്വകാര്യ മേഖലയിലെ നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിന് കാഡറ്റുകളെ യോഗ്യരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പുറമെ സ്വകാര്യ മേഖലയിലെ മുൻനിര, വിദഗ്ധ സ്ഥാനങ്ങളിൽ ഖത്തരി പുരുഷന്മാർക്കും സ്ത്രീകൾക്കും മാത്രമായി നിയമനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഖത്തർ ടി.വിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.