ദോഹ: മതവിരുദ്ധ ലോഗോയും ചിഹ്നങ്ങളും പതിച്ച ഉൽപന്നങ്ങളുടെ വ്യാപാരം നിരുത്സാഹപ്പെടുത്തിയും അതിൽനിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ ഉത്തരവ്. ഇത്തരം ചിഹ്നങ്ങളും ലോഗോകളും പതിക്കുന്നത് ഇസ്ലാമിക മൂല്യങ്ങൾക്കും ആചാരങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമാണെന്നും വാണിജ്യ മന്ത്രാലയത്തിെൻറ ഉത്തരവിൽ വ്യക്തമാക്കുന്നു. ആചാരങ്ങളെയും പാരമ്പര്യങ്ങളെയും നിന്ദിക്കുന്നതും പൊതുമര്യാദ ലംഘിക്കുന്നതുമായ ഉൽപന്നങ്ങൾ ചില ഷോപ്പുകളും രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളും വിൽപനക്കു വെച്ചിരിക്കുന്നത് ഈയിടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
വിപണിയെ നിയന്ത്രിക്കുന്നതിനും രാജ്യത്തെ കച്ചവടക്കാരും മൊത്ത വിതരണക്കാരും വ്യാപാര ഉടമകളും ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഇസ്ലാമിക മൂല്യങ്ങൾ എന്നിവയുടെ സംരക്ഷണം, ഖത്തറിെൻറ പാരമ്പര്യ ആചാരങ്ങളെയും സാംസ്കാരിക പൈതൃകത്തെയും മാനിക്കുക തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിെൻറയും ഭാഗമായാണ് മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 2008ലെ എട്ടാം നമ്പർ നിയമപ്രകാരം, വ്യാപാരികളും കടയുടമകളും കച്ചവടത്തിലും വിൽക്കുന്ന ഉൽപന്നങ്ങളിലും മത ധാർമിക മൂല്യങ്ങളും രാജ്യത്തിെൻറ ആചാരങ്ങളും സാംസ്കാരിക പൈതൃകത്തെയും പാലിച്ചിരിക്കണം. അതേ നിയമത്തിൽതന്നെ, ചരക്കിെൻറ ഉപയോഗം മൂലമുണ്ടാകുന്ന ഏതൊരു നാശത്തിനും വിതരണക്കാരൻ ഉത്തരവാദിയായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.
ഇസ്ലാമിക മതാചാരങ്ങളോടും ധാർമിക മൂല്യങ്ങളോടും ആദരവ് പുലർത്തിയും ഖത്തരി സമൂഹത്തിെൻറ ആചാരങ്ങളും പാരമ്പര്യങ്ങളും പാലിച്ചു കൊണ്ടുമായിരിക്കണം വാണിജ്യപ്രവർത്തനങ്ങളും സേവനങ്ങളുടെ വ്യാപാരവുമെന്നും മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വിശദീകരിക്കുന്നുണ്ട്. ഖത്തറിലേക്ക് ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനുമുമ്പ് ഉൽപന്നങ്ങളിൽ ഇത്തരം നിന്ദാവഹമായ, ഇസ്ലാമിക മൂല്യങ്ങൾക്കും ഖത്തരി സംസ്കാരത്തിനും വിരുദ്ധമായ ലോഗോകളും ചിഹ്നങ്ങളും പതിച്ചിട്ടില്ലെന്ന് വ്യാപാരികളും കടയുടമകളും ഉറപ്പുവരുത്തണമെന്നും ഇത്തരം ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിൽനിന്നും പ്രദർശിപ്പിക്കുന്നതിൽനിന്നും ഉടമകളും വ്യാപാരികളും ഷോപ്പിങ് മാളുകളും പിന്തിരിയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മത ധാർമികമൂല്യങ്ങൾ ലംഘിക്കുന്നതും ഖത്തറിെൻറ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഉൽപന്നങ്ങൾ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഷോപ്പുകളിലും മാളുകളിലും പരിശോധന ഉൗർജിതമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ഉൽപന്നങ്ങൾ വിൽപന നടത്തുന്നതും പ്രദർശിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്ന് ഉപഭോക്താക്കൾക്കും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.