ദോഹ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് സമുദ്ര ജീവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഖത്തറിന്റെ പ്രത്യേക ഇക്കണോമിക് സോണിന്റെ 30 ശതമാനം വരെ കടലിലെ സംരക്ഷിത മേഖലകളാക്കാൻ ശ്രമങ്ങളാരംഭിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
കടലിലെ എല്ലാ ജീവിവർഗങ്ങളെയും സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി പറഞ്ഞു.
ദേശീയ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന തന്ത്രം 2030, സമുദ്ര സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള ദേശീയ കർമപദ്ധതി തുടങ്ങി ഭൂമിയോ സമുദ്രമോ ആയ മുഴുവൻ പരിസ്ഥിതിയുടെയും സംരക്ഷണത്തിന് ഖത്തർ പോയ വർഷങ്ങളിൽ അനിവാര്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ശൈഖ് ഡോ. ഫാലിഹ് ആൽഥാനി പറഞ്ഞു. റാസ് മത്ബഖിൽ തിമിംഗലസ്രാവുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രഥമ ഖത്തർ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുനെസ്കോയുടെ സഹകരണത്തോടെ തിമിംഗലസ്രാവുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വിദഗ്ധരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാണ് മന്ത്രാലയം ദ്വിദിന ഫോറം സംഘടിപ്പിച്ചത്.
600ലധികം തിമിംഗലസ്രാവുകളെ ഖത്തർ കടലിൽ കണ്ടെത്തിയതിനാൽ അവയുടെ സംരക്ഷണത്തിനായി പ്രാദേശിക ഓഫിസ് തുറക്കാൻ രാജ്യം പദ്ധതിയിടുന്നതായും മന്ത്രി വെളിപ്പെടുത്തി. സമുദ്രപരിസ്ഥിതി ഉൾപ്പെടെയുള്ള പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിയമങ്ങളും മറ്റു ഉത്തരവുകളും കാലോചിതമായി മാറ്റങ്ങൾ വരുത്തുന്നതോടൊപ്പം പാരിസ്ഥിതിക ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങളെയെല്ലാം ക്രിമിനൽ കുറ്റമാക്കുകയും ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഖത്തറിന്റെ എക്സ്ക്ലൂസിവ് ഇക്കണോമിക് സോണിന്റെ 30 ശതമാനത്തോളം സമുദ്ര സംരക്ഷിത മേഖലയായി വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു.
ഖത്തറിന്റെ വടക്കുകിഴക്കൻ മേഖലയിൽ അൽ ഷഹീൻ ഫീൽഡിലാണ് തിമിംഗലസ്രാവുകളെ ഏറ്റവും കൂടുതൽ കണ്ടെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ നടന്ന പഠനങ്ങൾ പ്രകാരം മേഖലയിലെ തിമിംഗലസ്രാവുകളുടെ ശരാശരി എണ്ണം ഏകദേശം 600 ആണ്. ഇതിലും ഉയർന്ന എണ്ണം ഈ ലോകത്ത് മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല -മന്ത്രി പറഞ്ഞു. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് തിമിംഗലസ്രാവുകളെ സംരക്ഷിക്കാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.