ദോഹ: ലോകകപ്പ് ഫുട്ബാൾ രാജ്യത്തെ പൊതുഗതാഗത ഉപയോഗ സംസ്കാരം സജീവമാകുന്നതിൽ നിർണായകമായതായി ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. കോവിഡ് മഹാമാരിക്കു മുമ്പ് ശക്തി പ്രാപിച്ചുകൊണ്ടിരുന്ന പൊതുഗതാഗത സംസ്കാരം 2022 ലോകകപ്പിനുശേഷം കൂടുതൽ ജനകീയമായി. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാൻ ഖത്തർ ലോകകപ്പ് സഹായിച്ചു. ലോകകപ്പ് ടൂർണമെന്റിനുശേഷം ഈ മേഖലയിൽ വലിയ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് -ഥമാനിയ പോഡ്കാസ്റ്റിന്റെ സുക്രത് (സോക്രട്ടീസ്) പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് ഹസൻ അൽ തവാദി വിശദീകരിച്ചു. ലോകകപ്പ് ഫുട്ബാൾ ഖത്തറിന്റെ സാമൂഹിക, ജീവിത മേഖലകളിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
അൽ വക്റ പോലുള്ള പ്രദേശങ്ങളിൽ നിരവധി ആളുകളാണ് ദോഹ മെട്രോ ഉപയോഗപ്പെടുത്തുന്നത്. റോഡുകളിലെ തിരക്കേറിയ ഗതാഗതത്തെ മറികടക്കാൻ അവർ ദോഹ മെട്രോയെ ഉപയോഗപ്പെടുത്തുന്നു. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ഈ സംസ്കാരം വളർന്നുകൊണ്ടേയിരിക്കും -ഹസൻ അൽ തവാദി പറഞ്ഞു.
കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കാൻ സഹായിക്കുന്ന അത്യാധുനിക പൊതുഗതാഗത സംവിധാനത്തിലൂടെ വലിയ തോതിൽ പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതും ലോകകപ്പിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി അൽ തവാദി ചൂണ്ടിക്കാട്ടി.
രാജ്യത്തെ 3000ത്തോളം വരുന്ന പൊതുഗതാഗത ബസുകളുടെ ഗണ്യമായ എണ്ണം സ്കൂൾ ഗതാഗതത്തിനായി നീക്കിവെക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി ബസുകൾ ഉൾപ്പെടെയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഫിഫ ലോകകപ്പ് ടൂർണമെന്റിനുശേഷം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല പുത്തൻ ഉണർവിന് സാക്ഷ്യം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾക്ക് ഖത്തർ ഒരു അവധിക്കാല കേന്ദ്രമായി മാറിയിട്ടുണ്ട്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. 2023 മേയിൽ 2.85 ലക്ഷത്തിലധികം പേരാണ് ഖത്തറിലെത്തിയതെന്നും വാർഷികാടിസ്ഥാനത്തിൽ 72 ശതമാനത്തിന്റെ വർധനയാണിതെന്നും പി.എസ്.എ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ തൊഴിൽ നിയമ നിലവാരമുയർത്താനുള്ള അവസരമായിരുന്നു ലോകകപ്പ് കാലയളവെന്നും ടൂർണമെന്റിന്റെ വിജയകരമായ സമാപനത്തിനുശേഷം തൊഴിൽ നിയമങ്ങൾ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് പരിശോധിക്കാനും അവസരമൊരുക്കിയെന്നും അൽ തവാദി പറഞ്ഞു.
ലുസൈൽ നഗരം ഒരു ‘വെള്ളാന പദ്ധതി’യാണെന്ന വാദങ്ങളെ ശക്തമായി നിരാകരിച്ച ഹസൻ അൽ തവാദി, 2022 ലോകകപ്പിനുവേണ്ടി മാത്രമായി നിർമിച്ച നഗരമല്ലെന്നും ഖത്തറിന്റെ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി വലിയ വിപുലീകരണ പദ്ധതിയാണ് ലുസൈലിനുള്ളതെന്നും ചൂണ്ടിക്കാട്ടി.
ലോകകപ്പ് ഫുട്ബാൾ വേദിയായി ഖത്തറിനെ തിരഞ്ഞെടുത്ത നാൾ മുതൽ സ്റ്റേഡിയങ്ങളുടെ രൂപകൽപന, നിർമാണം, ടൂർണമെന്റ് പ്ലാനിങ്, സംഘാടനം തുടങ്ങി എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ വ്യക്തിയാണ് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലായ ഹസൻ അൽ തവാദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.