ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ചുവടുകൾ പിന്തുടർന്ന് രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കുമെന്ന് മുവാസലാത്ത് (കർവ) പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ വകുപ്പ് മേധാവി ഖാലിദ് ഹസൻ കഫൂദ്. ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തിന് ഫിഫ ലോകകപ്പ് ടൂർണമെന്റ് സുപ്രധാന സംഭാവനകളാണ് സമ്മാനിച്ചത്. പരിസ്ഥിതി സൗഹൃദ ബസുകളുള്ള വിപുലമായ സുസ്ഥിര ഗതാഗത സംവിധാനമാണ് ഇപ്പോൾ ഖത്തറിന്റേത് -ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഖാലിദ് ഹസൻ കഫൂദ് പറഞ്ഞു. പൊതുഗതാഗത ബസുകൾക്ക് പുറമേ, സ്കൂളുകൾക്കായി മുവാസലാത്ത് ഏകദേശം 2500 പരിസ്ഥിതിസൗഹൃദ ബസുകളാണ് വിന്യസിച്ചിരിക്കുന്നതെന്നും പ്രതിദിനം 60,000 വിദ്യാർഥികളാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും കഫൂദ് വ്യക്തമാക്കി.
478 ബസുകൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോയാണ് ലുസൈൽ ബസ് ഡിപ്പോയെന്നും ലോക റെക്കോഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ ലുസൈൽ ഡിപ്പോ ഇടംനേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലുസൈൽ ബസ് ഡിപ്പോ ചാർജ് ചെയ്യുന്നതിനായി സൗരോർജമാണ് ആശ്രയിക്കുന്നത്.
ഏകദേശം 11,000 പി.വി സോളാർ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രതിദിനം നാല് മെഗാവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ഉൽപാദിപ്പിക്കപ്പെടുന്നതെന്നും ഖത്തറിന്റെ ദേശീയ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന തന്ത്രത്തിനനുസൃതമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗതാഗത മന്ത്രാലയത്തിന്റെ ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായ ഡിപ്പോയിൽ എട്ട് ബസ് സ്റ്റേഷനുകളും നാല് ഡിപ്പോകളും ഇ-ബസ് പ്രവർത്തനങ്ങൾക്കായി 650ലധികം ഇലക്ട്രിക് ചാർജിങ് യൂനിറ്റുകളുമുണ്ട്.
ദോഹ നഗരത്തിനകത്തും പുറത്തുമായി 2300 ബസ് സ്റ്റോപ്പുകളും പൊതുഗതാഗതത്തിനും മൊബിലിറ്റിക്കും നാല് പാർക്ക് ആൻഡ് റൈഡ് സേവനങ്ങളും ഇതിലുൾപ്പെടും. ലോകകപ്പിനായി 4000 ബസുകളും 90 രാജ്യങ്ങളിൽനിന്നായി 18,000ലധികം ജീവനക്കാരെയും പ്രത്യേക പരിശീലനം നൽകിയ ആയിരക്കണക്കിന് ഡ്രൈവർമാരെയും കർവ വിന്യസിച്ചിരുന്നു. 900 ഇ-ബസുകളും ടൂർണമെന്റിനായി മാത്രം വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.