ദോഹ: ഉംസലാൽ മുഹമ്മദ് പ്രദേശത്തിന്റെ റോഡ്, അടിസ്ഥാന സൗകര്യ വികസനത്തിന് പൊതുമരാമത്ത് അതോറിറ്റി സംയോജിത പദ്ധതി തയാറാക്കി. വാഹന സഞ്ചാരം സുഗമമാക്കാനും ഉൾഭാഗത്തെ തെരുവുകളെ ഭാവിയിൽ നിർമിക്കുന്ന യൂട്ടിലിറ്റികളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തുക.
മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽനിന്ന് പ്രദേശത്തെ രക്ഷിക്കാൻ ലക്ഷ്യമിട്ട് മഴവെള്ളം, ഭൂഗർഭജലം, മലിനജല ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ട 616 ദശലക്ഷം റിയാലിന്റെ പദ്ധതി ഈ വർഷം അവസാനം പൂർത്തിയാകും. 10 കിലോമീറ്റർ കുടിവെള്ള ശൃംഖല സ്ഥാപിക്കുന്നതിനൊപ്പം ഭാവിയിലെ ഹരിത പ്രദേശങ്ങൾക്ക് സേവനം നൽകാനായി 15.8 കിലോമീറ്റർ ശുദ്ധജല ശൃംഖല നിർമിക്കും. പുതിയ ഡ്രെയിനേജ് പൈപ്പുകൾ സ്ഥാപിക്കുകയും പ്രധാന ഡ്രെയിനേജ് ശൃംഖലയുമായി ബന്ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യും. ഗാർഹിക സെപ്റ്റിക് ടാങ്കുകൾ ഉപയോഗിക്കുന്ന നിലവിലെ സംവിധാനം ഒഴിവാക്കും. 4310 വാഹനങ്ങൾക്ക് നിർത്തിയിടാൻ കഴിയുന്ന പാർക്കിങ് സൗകര്യം നിർമിക്കും.
കൂടാതെ തെരുവ് വിളക്കുകൾ, തൂണുകൾ, സൂചന ബോർഡുകൾ തുടങ്ങിയവ ഉൾപ്പെടുത്തി 36 കിലോമീറ്റർ റോഡ് ശൃംഖലയുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ഭൂരിഭാഗം ജോലികൾക്കും പ്രദേശിക അസംസ്കൃത വസ്തുക്കളും സാധന സാമഗ്രികളും ഉപയോഗിക്കും. കോൺക്രീറ്റിനും സ്റ്റീലിനും പുറമെ തൂണുകൾ, തെരുവ് വിളക്കുകൾ, ദിശാസൂചന പാനലുകൾ, മലിനജല പൈപ്പുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പുകൾ, അസ്ഫാൽറ്റ് പാളികൾ, പ്രീ ഫാബ്രിക്കേറ്റഡ് മാൻഹോളുകൾ തുടങ്ങിയ സാമഗ്രികളുടെയെല്ലാം വിതരണത്തിന് തദ്ദേശീയ കമ്പനികളെ ആശ്രയിക്കും. പദ്ധതിയുടെ 85 ശതമാനം പ്രവർത്തനങ്ങൾക്ക് എങ്കിലും പ്രാദേശിക ഘടകങ്ങളെ മാത്രം ആശ്രയിക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രില്ലിങ് ജോലികളുടെ ബഹളം കാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ചുരുങ്ങിയ മണിക്കൂറുകൾ മാത്രമാണ് പ്രവൃത്തികൾ നടത്തുന്നത്. 30 മീറ്റർ ആഴമുള്ള കുഴിയെടുക്കൽ ചില നിർമിതികൾക്ക് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.