ദോഹ: വർഷം ദശലക്ഷത്തിലധികം ടൺ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗയോഗ്യമാക്കി ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി (ക്യു.എ.സി.സി). ഇതോടൊപ്പം ലക്ഷത്തിലധികം വസ്തുക്കളും മിച്ചം വന്ന ഭക്ഷണ വസ്തുക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അർഹർക്ക് നൽകി.
ഹാർഡ്ബോർഡ്, കെമിക്കൽ ഡ്രമ്മുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ഉപയോഗിച്ച പേപ്പർ അവശിഷ്ടം തുടങ്ങിയവ റീസൈക്ലിങ്ങിന് വിധേയമാക്കി. ഖത്തർ എയർവേസ് ഗ്രൂപ്പിന് കീഴിലുള്ള ക്യു.എ.സി.സി ഇതിലൂടെ തങ്ങളുടെ വാർഷിക മാലിന്യത്തിന്റെ അളവ് 1688 ടൺ ആയി കുറച്ചു. ഖത്തർ ആസ്ഥാനമായ ഖത്തർ ചാരിറ്റി, ഹിഫ്സ് അൽ നഅ്മ എന്നിവയുമായി സഹകരിച്ച് ലിനൻ ഇനങ്ങളായ കോട്ടൺ ബ്ലാങ്കറ്റുകൾ, മെത്തകൾ തുടങ്ങി 40,000ലധികം വസ്തുക്കളും മൂന്ന് ടണ്ണിലധികം ഭക്ഷണസാധനങ്ങളും ക്യു.എ.സി.സി വിതരണം ചെയ്തു.
തങ്ങൾക്ക് പിന്തുണ നൽകുന്ന സമൂഹങ്ങളെ സഹായിക്കുന്നതിനും ഉപയോഗിച്ച വസ്തുക്കൾ റീസൈക്കിൾ ചെയ്ത് മാലിന്യം കുറക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. മാലിന്യം കുറക്കുന്നതിനും വസ്തുക്കൾ റീസൈക്കിൾ ചെയ്യുന്നതിനും നൂതന മാർഗം തേടുമെന്നും പരിസ്ഥിതി സുസ്ഥിരതയിൽ ഒരു വർഷത്തെ ലക്ഷ്യം കമ്പനി മറികടന്നെന്നും സീനിയർ വൈസ് പ്രസിഡൻറ് സാഷ വോൾഫർഡോർഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.