ദോഹ: റുവാണ്ടയുടെ ദേശീയ വിമാനക്കമ്പനിയായ റുവാണ്ട് എയറിന്റെ 49 ശതമാനം ഓഹരി ഖത്തർ എയർവേയ്സ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. ജൂലൈയിൽ ഓഹരി കൈമാറ്റം നടക്കുമെന്ന് റുവാണ്ട് എയർ സി.ഇ.ഒ യുവാ മക്കോളോ അറിയിച്ചു. അഞ്ചുവർഷമായി നടക്കുന്ന ചർച്ചയാണ് ഇപ്പോൾ വിജയത്തോടടുക്കുന്നത്. ഇടപാട് തുക പുറത്തുവിട്ടിട്ടില്ല. നിലവിൽ 31 ആഫ്രിക്കൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തർ എയർവേയ്സിന് വിമാന സർവിസുണ്ട്.
ഇത് വിപുലപ്പെടുത്താൻ റുവാണ്ട് എയറിന്റെ ഓഹരി വാങ്ങലിലൂടെ കഴിയുമെന്നാണ് കരുതുന്നത്. റുവാണ്ടയുടെ വ്യോമയാന മേഖലയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടാക്കാനും ഖത്തർ എയർവേയ്സിന്റെ ഇടപെടലിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ലോകത്തെ ജനസംഖ്യയുടെ 18 ശതമാനത്തോളം ആഫ്രിക്കയിലാണെങ്കിലും ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ കണക്കുപ്രകാരം ആഗോള വ്യോമഗതാഗതത്തിന്റെ രണ്ടു ശതമാനം മാത്രമാണ് ഈ ഭൂഖണ്ഡത്തിലുള്ളത്. വളർച്ച സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
റുവാണ്ടയിൽ നിർമാണം പുരോഗമിക്കുന്ന വിമാനത്താവളത്തിന്റെ 60 ശതമാനം ഓഹരി 2019ൽ ഖത്തർ എയർവേയ്സ് 1300 കോടി ഡോളർ നൽകി സ്വന്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ 70 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന രീതിയിൽ രൂപകൽപന ചെയ്ത വിമാനത്താവളം 2032ഓടെ 1.4 കോടി യാത്രക്കാരെ ഉൾക്കൊള്ളാവുന്ന രീതിയിലേക്ക് വളരും. 171 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേയ്സ് ലോകത്തിലെതന്നെ മുൻനിര വിമാനക്കമ്പനികളിലൊന്നാണ്. യൂറോപ്പിൽ കാലുറപ്പിച്ചു കഴിഞ്ഞ കമ്പനി ആഫ്രിക്കയിലേക്കും ലക്ഷ്യം വിപുലപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.