ദോഹ: മാധ്യമ രംഗത്ത് സഹകരണത്തിന്റെ പുതിയ അധ്യായം കുറിക്കാൻ ഖത്തറും സൗദി അറേബ്യയും. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ വാർത്ത ഏജൻസിയും സൗദി പ്രസ് ഏജൻസിയും തമ്മിലുള്ള സഹകരണത്തിനും വാർത്ത കൈമാറ്റവും സാധ്യമാക്കുന്ന പുതിയ കരാറിന് രൂപം നൽകി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും സൗദി മാധ്യമകാര്യ മന്ത്രി സൽമാൻ അൽ ദോസരിയും പങ്കെടുത്ത ചടങ്ങിലാണ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
ഖത്തർ മീഡിയ കോർപറേഷൻ ചെയർമാൻ ശൈഖ് ഹമദ് ബിൻ താമർ ആൽഥാനി, ഖത്തറിലെ സൗദി അംബാസഡർ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള മാധ്യമസഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും സംയുക്ത മാധ്യമ സംരംഭങ്ങൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
ഖത്തർ-സൗദി മാധ്യമ കരാറിൽ ക്യു.എൻ.എ ഡയറക്ടർ ജനറൽ അഹ്മദ് ബിൻ സഈദ് അൽ റുമൈഹിയും സൗദി പ്രസ് ഏജൻസി ആക്ടിങ് പ്രസിഡൻറ് അലി അൽ സൈദും ഒപ്പുവെച്ചു.
എഡിറ്റിങ്ങിലും ഫോട്ടോഗ്രഫിയിലും പരിശീലന പരിപാടികൾ, വാർത്ത നിർമാണത്തിൽ നൂതന സാങ്കേതികവിദ്യകളുടെയും നിർമിതബുദ്ധിയുടെയും സംയോജനം തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ സഹകരണം വളർത്തിയെടുക്കാനും, ഇരുരാജ്യങ്ങളിലെയും സുപ്രധാന നേട്ടങ്ങളും സംഭവങ്ങളും പ്രദർശിപ്പിക്കുന്ന ഉള്ളടക്കങ്ങൾ നിർമിക്കുന്നതിലൂടെ ബന്ധം ശക്തിപ്പെടുത്താനും പുതിയ പങ്കാളിത്തം ലക്ഷ്യമിടുന്നു. രണ്ട് ഏജൻസികൾ തമ്മിലുള്ള മാധ്യമരംഗത്തെ അനുഭവ, വൈദഗ്ധ്യ കൈമാറ്റവും കരാർ പ്രോത്സാഹിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.