ദോഹ: ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഖത്തർ ഔദ്യോഗികമായി അറിയിച്ചു. നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, അമേരിക്ക എന്നിവരുടെ സഹകരണത്തോടെ ഇസ്രായേലും ഹമാസും തമ്മിലുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങൾ പൂർണ വിജയമാണെന്ന് ഖത്തർ അറിയിച്ചു. ഗസ്സയിൽ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട നിരവധി ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. വിട്ടയക്കുന്ന തടവുകാരുടെ എണ്ണം വർധിപ്പിക്കാൻ ഇടയുണ്ടെന്ന് ഖത്തർ അറിയിച്ചു.
താൽക്കാലിക വെടിനിർത്തലിന് പുറമേ, ഈ ദിവസങ്ങളിൽ ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും. മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിനും രക്തച്ചൊരിച്ചിൽ തടയുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളോട് തങ്ങൾ എന്നും പ്രതിബദ്ധത പുലർത്തുമെന്ന് ഖത്തർ അറിയിച്ചു. ഹമാസ് -ഇസ്രായേൽ സന്ധി തയാറാക്കുന്നതിൽ ഇടപെടൽ നടത്തിയ ഈജിപ്തിനെയും അമേരിക്കയെയും ഖത്തർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.