ദോഹ: സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ മന്ത്രിസഭ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സ്വീഡനിൽ ഖുർആൻ കത്തിച്ചതിനെ അപലപിച്ചത്.
സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ ഖുർആൻ കോപ്പി കത്തിക്കാൻ സ്വീഡിഷ് അധികൃതർ അനുമതി നൽകിയതിനെയും ഹേഗിൽ മറ്റൊരു തീവ്രവാദിക്ക് ഡച്ച് അധികാരികളുടെ അനുമതിയോടെ ഖുർആൻ പതിപ്പ് നശിപ്പിക്കാൻ അനുമതി നൽകിയതിനെയും മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തിൽ അപലപിച്ചു.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം നിന്ദ്യമായ പ്രവൃത്തികളും ഹീനമായ കുറ്റകൃത്യങ്ങളും മൂല്യങ്ങൾ, ധാർമികത, പരിഷ്കൃത പെരുമാറ്റം, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും പവിത്രതകളെയും മാനിക്കാനുള്ള കടമ എന്നിവയുമായി പൊരുത്തപ്പെടില്ലെന്ന് കാബിനറ്റ് ഊന്നിപ്പറഞ്ഞു.
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണ് നടപടികളെന്നും രാജ്യങ്ങൾക്കും ജനതകൾക്കുമിടയിൽ സഹിഷ്ണുതയും സാഹോദര്യവും സമാധാനപരമായ സഹവർത്തിത്വവും പ്രചരിപ്പിക്കേണ്ട സമയത്ത് വിദ്വേഷവും തീവ്രവാദവും കലഹവുമാണ് വളർത്തുന്നതെന്നും ഖത്തർ മന്ത്രിസഭ ചൂണ്ടിക്കാട്ടി. ആവർത്തിച്ചുള്ള ഇത്തരം പ്രകോപനപരമായ ക്രിമിനൽ നടപടികൾ അനുവദിക്കുന്നത് രാജ്യങ്ങൾക്കും ജനതക്കുമിടയിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ തുരങ്കം വെക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.