ദോഹ: ഖത്തർ കപ്പ് ഫൈനലിൽ ഇത്തവണ പരമ്പരാഗത വൈരികളായ അൽ ദുഹൈലും അൽ സദ്ദും നേർക്കുനേർ. അൽ അറബിയെ 3-1ന് കീഴടക്കി കലാശക്കളിയിൽ ഇടമുറപ്പിച്ച അൽ സദ്ദിനു പിന്നാലെ അൽ ദുഹൈലും അന്തിമ പോരാട്ടത്തിലേക്ക് മുന്നേറി. പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ അൽ ദുഹൈൽ വാശിയേറിയ രണ്ടാം സെമിഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ വക്റയെയാണ് കീഴടക്കിയത്.
ക്യു.എൻ.ബി സ്റ്റാർസ് ലീഗിൽ തുടർച്ചയായ അഞ്ചു ജയങ്ങൾക്കു പിന്നാലെ ഖത്തർ കപ്പിന്റെ സെമി കളിക്കാനിറങ്ങിയ ദുഹൈലിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അർജന്റീനയുടെ മുൻ സ്റ്റാർ സ്ട്രൈക്കർ ഹെർനാൻ ക്രെസ്പോ പരിശീലിപ്പിക്കുന്ന അൽ ചെങ്കുപ്പായക്കാരുടെ വലയിൽ 14ാം മിനിറ്റിൽതന്നെ അൽ വക്റ പന്തെത്തിച്ചു. കളിയുടെ ഗതിക്കെതിരായി വന്ന നീക്കത്തിൽ മധ്യനിരയിൽനിന്നു പറന്നെത്തിയ ലോങ്ബാൾ സ്വീകരിച്ച് കുതിച്ച മുഹമ്മദ് ബെനെയോട്ടുവിന്റെ ഷോട്ട് ദുഹൈൽ ഡിഫൻഡർ തടഞ്ഞെങ്കിലും പന്ത് തട്ടിത്തെറിച്ചുവീണത് വലയിലായിരുന്നു.
പിന്നീട് ആക്രമണ നീക്കങ്ങളിലേക്ക് ഇടതടവില്ലാതെ കയറിയെത്തിയ അൽ ദുഹൈലിന് ഇടവേളക്കുമുമ്പ് ലക്ഷ്യം കാണാനായില്ല. ഒടുവിൽ 51ാം മിനിറ്റിൽ ത്രൂബാൾ കാലിൽ കൊരുത്ത് കയറിയ മൈക്കൽ ഒലൂംഗയാണ് സമനില ഗോളിലേക്ക് നിറയൊഴിച്ചത്. തുല്യത നേടിയതോടെ ആഞ്ഞുകയറിയ ദുഹൈൽ 72ാം മിനിറ്റിൽ നാം തേ ഹീയിലൂടെ ലീഡ് നേടി.
ഒലൂംഗയുടെ പാസിൽനിന്നായിരുന്നു വിജയ ഗോൾ. ശേഷം സമനില പിടിക്കാൻ അൽ വക്റ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. ഖത്തർ കപ്പ് ഫൈനൽ മത്സരം ഏപ്രിൽ ആറിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.