ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് (ക്യു.എസ്.എൽ) ഖത്തർ കപ്പ് 2023 ചാമ്പ്യൻഷിപ്പിന്റെ രണ്ട് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. മത്സരങ്ങളിലെ ടിക്കറ്റ് വിൽപന വരുമാനം സിറിയയിലും തുർക്കിയയിലുമുണ്ടായ ഭൂകമ്പത്തിനിരയായവർക്ക് നൽകും. വ്യാഴാഴ്ച അൽ സദ്ദ് ക്ലബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് രണ്ടു സെമിഫൈനൽ മത്സരങ്ങൾ.
ഭൂകമ്പബാധിതർക്ക് സഹായഹസ്തം നൽകുന്നതിന് ക്യു.എസ്.എല്ലിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായാണ് ഈ നീക്കം. സെമി ഫൈനൽ മത്സരങ്ങൾക്കായി ടിക്കറ്റുകൾ വാങ്ങി ഗാലറിയിലെത്താനും അതുവഴി ദുരന്തബാധിതർക്ക് സഹായമൊരുക്കാനും എല്ലാ ആരാധകരും തയാറാവണമെന്നും ക്യു.എസ്.എൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളോട് അനുശോചനമറിയിച്ച ക്യു.എസ്.എൽ അധികൃതർ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ അൽ സദ്ദും കരുത്തരായ അൽ അറബിയും തമ്മിലാണ് ആദ്യ സെമിഫൈനൽ മത്സരം. രണ്ടാം സെമിയിൽ ക്യൂ.എസ്.എല്ലിൽ നിലവിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന അൽ ദുഹൈൽ അൽ വക്റയുമായി മാറ്റുരക്കും. അൽ അറബിക്കെതിരായ സെമി ഫൈനലിനായി തങ്ങൾ ഒരുങ്ങിക്കഴിഞ്ഞതായി അൽ സദ്ദ് സ്ട്രൈക്കർ ബഗ്ദാദ് ബൂനെജാ പറഞ്ഞു. ‘മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്.
അതുകൊണ്ടുതന്നെ പൂർണ കരുത്തോടെയായിരിക്കും ഞങ്ങൾ കളത്തിലെത്തുക. അൽ അറബി കരുത്തുറ്റ ടീമാണ്. എന്നാൽ, ഫൈനലിലെത്താൻ രണ്ടും കൽപിച്ച് ഞങ്ങൾ പോരാടും. ഫൈനലിലെത്താൻ എല്ലാ ശ്രമവും ഞങ്ങൾ നടത്തുമെന്ന് അൽ സദ്ദ് കാണികൾക്ക് ഉറപ്പുനൽകുന്നു. ഖത്തർ കപ്പ് പങ്കെടുക്കുന്ന ടീമുകൾക്കിടയിൽ കടുത്ത മത്സരങ്ങൾക്കാണ് അരങ്ങൊരുക്കുകയെന്നത് ഞങ്ങൾ മറക്കുന്നില്ല’ -ബൂനെജാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.