ദോഹ: വിഴുങ്ങി വന്നാലും എവിടെ ഒളിപ്പിച്ചുകടത്തിയാലും നിരോധിത വസ്തുക്കളുമായി വന്നാൽ ഖത്തർ കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാനാവില്ല. കഴിഞ്ഞ ദിവസം ഹമദ് വിമാനത്താവളത്തിൽ പിടികൂടിയ ലഹരി വസ്തുക്കളും ഇതു തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
ലഹരി മരുന്നുകൾ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയെത്തിയ യാത്രക്കാരനെ ബോഡി സ്കാനിങ്ങിലൂടെ പിടികൂടിയപ്പോൾ ആമാശയത്തിനുള്ളിൽ കണ്ടെത്തിയത് ലഹരി മരുന്നിന്റെ കൂമ്പാരം. ഗുളിക രൂപത്തിൽ പൊതിഞ്ഞ 80ഓളം ക്യാപ്സ്യൂളുകളാണ് വയറ്റിൽനിന്നും പിടികൂടിയത്.
ഹെറോയിനും ഷാബുവും ഉൾപ്പെടെ 610 ഗ്രാം വരുമിത്. എല്ലാത്തരത്തിലുള്ള തട്ടിപ്പും ലഹരിക്കടത്തും കള്ളക്കടത്തും തടയാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഹമദ് വിമാനത്താവളത്തിൽ ഉപയോഗിക്കുന്നതായി കസ്റ്റംസ് ജനറൽ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഈ സവിശേഷമായ അറസ്റ്റുണ്ടായത്. വിമാനത്താവള സുരക്ഷ നിലനിർത്തുന്നതിലും കള്ളക്കടത്ത് തടയുന്നതിലും നൂതന സാങ്കേതികവിദ്യയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരന്തര ജാഗ്രതയും വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് മേധാവി അജാബ് മൻസൂർ അൽ ഖഹ്താനി പറഞ്ഞു.
സംശയാസ്പദ സാഹചര്യത്തിൽ വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും ട്രാക്കിങ് സംവിധാനങ്ങളും ഉപയോഗിക്കുന്ന ലോകത്തിലെ മുൻനിര വിമാനത്താവളങ്ങളിലൊന്നാണ് ഹമദ് വിമാനത്താവളമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. നിരോധിത വസ്തുക്കൾ എത്ര സമർഥമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചാലും അവതിരിച്ചറിയാൻ അത്യാധുനിക സാങ്കേതികവിദ്യയുള്ള ഉപകരണങ്ങൾ പ്രാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യക്ക് പുറമേ യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകുന്നതിനുമുള്ള തീവ്രപരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാരും വിമാനത്താവളത്തിലെ സുരക്ഷ കാര്യക്ഷമമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.