ദോഹ: ജൂൺ 20 അഭയാർഥി ദിനാചരണത്തോടനുബന്ധിച്ച് ലോകത്തെങ്ങുമുള്ള അഭയാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ. സുരക്ഷിതത്വം തേടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അഭയാർഥികളുടെ അവസ്ഥ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായ സംഘടനകൾക്ക് ഖത്തർ പിന്തുണയും സഹായവും തുടരുമെന്നും ഖത്തർ റെഡ് ക്രസന്റ് എക്സിൽ കുറിച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ലോകത്തെ വിവിധ രാജ്യങ്ങളിലെ അഭയാർഥികൾക്ക് അടിസ്ഥാന സാമൂഹിക സേവനങ്ങളും സംരക്ഷണവും ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞു. അഭയാർഥികളെ പിന്തുണക്കുന്നതിൽ ഖത്തറിന്റെ പ്രതിബദ്ധത ഐക്യരാഷ്ട്ര സഭ എടുത്തുപറഞ്ഞതാണ്.
വിവിധ രാജ്യങ്ങളിലെ അഭയാർഥികൾക്കായി ഖത്തർ സർക്കാറും സന്നദ്ധ സംഘടനകളും കോടികളാണ് സഹായം നൽകാറുള്ളത്. ഖത്തർ യു.എൻ ഹൗസ് തുറക്കുന്നത് ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുമെന്ന് അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ മേഖല പ്രതിനിധി ഖാലിദ് ഖലീഫ പറഞ്ഞു. ലോകത്താകെ 43.4 ദശലക്ഷം അഭയാർഥികളെങ്കിലും ഉണ്ടെന്നും ഇതിൽ 40 ശതമാനമെങ്കിലും കുട്ടികളാണെന്നും ലോക അഭയാർഥി സംഘടന റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.