ദോഹ: ജനങ്ങൾക്കിടയിൽ അത്യാഹിത, അടിയന്തര ആരോഗ്യ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിന് ദേശീയ ബോധവത്കരണ കാമ്പയിനുമായി പൊതുജനാരോഗ്യ മേഖല. രാജ്യത്ത് ലഭ്യമായ അത്യാഹിത, അടിയന്തര പരിചരണ സേവനങ്ങളുടെ വിപുലമായ ശൃംഖല ഉയർത്തിക്കാട്ടുന്നതിനും രോഗികളെ അവരുടെ മെഡിക്കൽ പരിചരണ ആവശ്യങ്ങൾക്കായി ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നതിന് പ്രാപ്തമാക്കുന്നതിനും കാമ്പയിൻ ലക്ഷ്യമിടുന്നു.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്റ മെഡിസിൻ, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി എന്നിവർ ചേർന്നാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച കാമ്പയിൻ ഫെബ്രുവരി അവസാനം വരെ തുടരും.
ഖത്തറിൽ പൊതുജനാരോഗ്യ സേവന ദാതാക്കൾ ഓരോ വർഷവും രണ്ട് ലക്ഷത്തിലധികം രോഗികൾക്ക് ഉന്നത നിലവാരത്തിലും ഉയർന്ന ഗുണമേന്മയിലും അടിയന്തര, അത്യാഹിത പരിചരണം നൽകിവരുന്നതായി ഹെൽത്ത് കെയർ കമ്യൂണിക്കേഷൻ ഉന്നതാധികാര സമിതി ചെയർമാൻ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു.
ആംബുലൻസ് സേവനവും വിവിധ ട്രോമ, അടിയന്തര വിഭാഗങ്ങളും ഏറ്റവും ഗുരുതരവും ജീവൻ അപകടപ്പെടുത്തുന്നതുമായ സാഹചര്യങ്ങളിൽ രോഗികൾക്ക് മികച്ച പരിചരണമാണ് നൽകുന്നത്. അതേസമയം, അടിയന്തരമല്ലാത്തതും ജീവൻ അപകടത്തിലല്ലാത്തതുമായ സാഹചര്യങ്ങളിലും രോഗികൾ അടിയന്തര സേവനങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും അനാവശ്യ സമ്മർദം ചെലുത്താതെ അവർക്ക് ആവശ്യമായ പരിചരണം വേഗത്തിൽ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗികൾക്ക് അവരുടെ മെഡിക്കൽ സേവന ആവശ്യങ്ങൾക്കായി മികച്ചത് തിരഞ്ഞെടുക്കുന്നതിന് സഹായിക്കാൻ ഈ ബോധവത്കരണ കാമ്പയിൻ ലക്ഷ്യമിടുന്നുവെന്നും, ഇതിലൂടെ അവരുടെയും മറ്റുള്ളവരുടെയും ചികിത്സാ അനുഭവം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അൽഖാതിർ ചൂണ്ടിക്കാട്ടി.
സമീപ വർഷങ്ങളിൽ ഖത്തറിന്റെ ആരോഗ്യ പരിപാലന മേഖല ഗണ്യമായി വളർന്നിട്ടുണ്ട്. അടിയന്തര, അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് നേരത്തെയുള്ളതിനേക്കാൾ കൂടുതൽ ഒപ്ഷനുകൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.
ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ഖത്തറിലെ എല്ലാ സേവന ഒപ്ഷനുകളുടെ വിശദാംശങ്ങളും അവ എപ്പോൾ, എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ച നിർദേശങ്ങളും ഉൾപ്പെടുത്തി പൊതുജനാരോഗ്യ സേവനദാതാക്കൾ www.whereforyourcare.qa എന്ന പേരിൽ ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.