ദോഹ: താലിബാൻ അധികാരമേറ്റെടുത്തതിനു ശേഷം രാജ്യം വിട്ട 60,000ത്തോളം അഫ്ഗാനികളെ വിവിധ രാജ്യങ്ങളിൽ സുരക്ഷിതമായി എത്തിച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ഇൻഫർമേഷൻ ഓഫിസ് അധ്യക്ഷൻ അഹമദ് ബിൻ സഈദ് ജാബിർ അൽ റുമൈഹി അറിയിച്ചു. ഏതാനും അഫ്ഗാൻ പൗരന്മാർ മാത്രമാണ് ഖത്തറിൽ അവശേഷിക്കുന്നതെന്നും വരും ദിവസങ്ങളിൽതന്നെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അൽ റുമൈഹി ട്വിറ്ററിലൂടെ വ്യക്തമാക്കി. അഫ്ഗാനിസ്താനിൽനിന്ന് തങ്ങളുടെ പൗരന്മാരെ ഖത്തറിെൻറ സ്വന്തം വിമാനത്തിൽ സുരക്ഷിതമായി പുറത്തെത്തിച്ചതിന് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിന് പ്രത്യേക നന്ദി അറിയിച്ചിരുന്നു.
കാബൂൾ രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായതോടെ ഖത്തർ നേതൃത്വത്തിൽ വീണ്ടും ഒഴിപ്പിക്കൽ ആരംഭിച്ചു. ഖത്തർ എയർവേസിൻെറ രണ്ടു യാത്രാവിമാനങ്ങളാണ് വീണ്ടും കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയത്്. താലിബാൻ അധികാരമേറ്റെടുക്കുകയും അമേരിക്കൻ സേന അഫ്ഗാനിലെ ദൗത്യം പൂർത്തിയാക്കുകയും ചെയ്തതിനു പിന്നാലെ കാബൂൾ വിമാനത്താവളത്തിെൻറ പ്രവർത്തനം മരവിപ്പിച്ചിരുന്നു. റൺവേകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, സാങ്കേതിക സംവിധാനങ്ങൾ നശിക്കുകയും ചെയ്തു. തുടർന്ന്, ഖത്തർ-തുർക്കി സാങ്കേതിക സംഘം ഒരാഴ്ചയിലേറെ പണിയെടുത്താണ് വിമാനത്താവളം പ്രവർത്തന സജ്ജമാക്കിയത്. രണ്ടു ദിവസങ്ങളിലായി അഫ്ഗാനികളുൾപ്പെടെ 200ലേറെ പേരെയാണ് ഖത്തർ എയർവേസ് വിമാനത്തിൽ ദോഹയിലെത്തിച്ചത്. ഇവരെ പിന്നീട് അതത് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
ആഗസ്റ്റ് 15നു ശേഷം രാജ്യം വിട്ടെത്തിയവരെ മികച്ച താമസ സൗകര്യവും ചികിത്സയും ഭക്ഷണവും ഒരുക്കിയാണ് ഖത്തർ വരവേറ്റത്. ലോകകപ്പിനായി ഒരുക്കിയ പാർപ്പിട സമുച്ചയങ്ങളിൽ താമസിച്ച അഫ്ഗാനികളെ ഓരോ സംഘമായാണ് വിവിധ രാജ്യങ്ങളിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.